ഒമാന്‍ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

സലാല: ഖത്തര്‍ സന്ദര്‍ശത്തിന് പിന്നാലെ ഒമാന്‍ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്. ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം അടക്കമുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികളും ചര്‍ച്ചയായി.
ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒമാനിലെത്തിയത്.. സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തിലായിരുന്നു സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായുള്ള കൂടിക്കാഴ്ച.. ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടന്ന് 24 മണിക്കൂര്‍ തികയും മുമ്പണ് യുഎഇ പ്രസിഡന്റ് ഖത്തറിലെത്തിയത്.. ഖത്തര്‍ അമീറുമായി അദ്ദേഹം വിശദമായ ചര്‍ച്ച നടത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.. ഒമാന്‍ ഭരണാധികാരി സുല്‍ത്താല്‍ ഹൈതംബിന്‍ താരിഖുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.. അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രയേല്‍ ആവര്‍ത്തിച്ചു ലംഘിക്കുകയാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ജിസിസി അംഗരാജ്യങ്ങളിലെ പരസ്പര സഹകരണം ശക്തിപ്പെടുത്താനും മേഖല നേരിടുന്ന വെല്ലുവിളികള്‍ ഒരുമിച്ച് നേരിടാനും ചര്‍ച്ചയില്‍ തീരുമാനമായതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഉറപ്പാക്കുന്നതിനുള്ള നടപടികളും ചര്‍ച്ചയായി. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും യുഎഇ സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: UAE President Meets Oman Ruler After Qatar Visit