'സുഗതാഞ്ജലി 2023' കാവ്യാലാപന മത്സരത്തില്‍ ദിയ ആർ.നായർ വിജയി

ദിയ ആര്‍.നായര്‍
ദിയ ആര്‍.നായര്‍

മസ്‌ക്കറ്റ്: മലയാളം മിഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിച്ച 'സുഗതാഞ്ജലി 2023' വാര്‍ഷിക കാവ്യാലാപന മത്സരത്തിന്റെ ഫൈനലില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒമാന്‍ ചാപ്റ്ററില്‍ സൊഹാറില്‍ നിന്നുള്ള ദിയ ആര്‍.നായര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്മ 2024-നോട് അനുബന്ധിച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് മുപ്പതിനു മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകള്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ ഇരുനൂറു കുട്ടികളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നും പത്തു പേരാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്

ഒമാന്‍ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് സൊഹാറില്‍ നിന്ന് തന്നെയുള്ള സയന്‍ സന്ദേശ് ജൂനിയര്‍ വിഭാഗത്തിലും സൂര്‍ മേഖലയിലെ പല്ലവി അഭിലാഷ് എന്നിവരും ഫൈനലില്‍ മത്സരിച്ചിരുന്നു. 

മലയാളം മിഷന്‍ ഭരണസമിതി അംഗവും മലയാളത്തിന്റെ പ്രിയ കവിയത്രിയുമായിരുന്ന സുഗതകുമാരി ടീച്ചര്‍ക്ക് ആദരമായി വര്‍ഷം തോറും മിഷന്‍ നടത്തിവരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഓരോ വര്‍ഷവും വ്യത്യസ്ത കവികളുടെ കവിതകളാണ് കുട്ടികള്‍ക്ക് ആലപിക്കാനായി തെരഞ്ഞെടുക്കാവുന്നത്. 

രണ്ടാം സ്ഥാനം നേടിയ ദിയ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ, മലയാള വിഭാഗങ്ങളുടെ യുവജനോത്സവങ്ങളില്‍ നൃത്ത, സംഗീത, രചനാ വിഭാഗങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും സോഹാര്‍ മലയാളി സംഘം നടത്തിയ യുവജനോത്സവത്തില്‍ കലാതിലകപ്പട്ടം നേടുകയും ചെയ്തിട്ടുണ്ട്. സൊഹാറില്‍ കൊല്ലം ചവറ പന്മന സ്വദേശി ദ്വിപിന്‍, രമ്യ ദമ്പതികളുടെ ഏകമകളാണ് ദിയ ആര്‍.നായര്‍.
 

Content Highlights: 'Sugathanjali 2023' poetry competition