വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു

റോക്ക് ഹൈറാക്സിനെ വേട്ടയാടുന്ന നേരിടുന്ന അറേബ്യൻ പുള്ളിപ്പുലി
റോക്ക് ഹൈറാക്സിനെ വേട്ടയാടുന്ന നേരിടുന്ന അറേബ്യൻ പുള്ളിപ്പുലി

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ പര്‍വ്വത നിരകളില്‍ നിന്ന് അപൂര്‍വ്വമായ അറേബ്യന്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. പരിസ്ഥിതി അതോറിറ്റിക്ക് കീഴിലുള്ള 'അറേബ്യന്‍ ലെപ്പേര്‍ഡ് പ്രോജക്ട്' സംഘമാണ് ദൃശ്യം പകര്‍ത്തിയത്. മലമുകളില്‍ കാണുന്ന റോക്ക് ഹൈറാക്സിനെ വേട്ടയാടുന്ന ദൃശ്യങ്ങളാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവയാണ് അറേബ്യന്‍ പുള്ളിപ്പുലി. അത്യപൂര്‍വ്വമായി മാത്രമേ ഇവയെ കാണാന്‍ സാധിക്കൂ. അറേബ്യന്‍ ലെപ്പേര്‍ഡ് പ്രോജക്ട് സംഘം ദോഫാറിലെ പര്‍വ്വത നിരകളില്‍ നടത്തിയ സാഹസിക യാത്രകളിലാണ് ഈ വിഭാഗത്തിലെ ഒരു പുള്ളിപ്പുലിയെ കണ്ടെത്തിയത്.

അറേബ്യന്‍ പുള്ളിപ്പുലികളുള്ള സ്ഥലം കണ്ടെത്തി, അവയെ സംരക്ഷിക്കാനാണ് പരിസ്ഥിതി അതോറിറ്റിയുടെ ശ്രമം.

ദോഫാര്‍ ഗവര്‍ണറേറ്റിലെ പര്‍വതനിരകളില്‍ അത്യപൂര്‍വ്വ സസ്യജന്തുക്കള്‍ ജീവിക്കുന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങളെന്ന് പ്രോജക്ട് ഡയറക്ടര്‍ ഡോ. മുഹമ്മദ് ബിന്‍ മുഹാദ് അല്‍-മഷാനി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാന്‍ ഒമാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരം പരിശ്രമങ്ങള്‍ ലക്ഷ്യം കൈവരിക്കുന്നതിന്റെ സൂചനയാണ് ഈ ദൃശ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rare footage of an Arabian leopard hunting rock hyrax captured in Oman`s Dhofar Mountains.