ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്നതായി ഒമാൻ പോലീസ്

മസ്‌കറ്റ്: ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ സുരക്ഷക്ക് പുതിയ വെല്ലുവിളികൾ ഉയർത്തുന്നതായി ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. സാങ്കേതികവിദ്യയുടെ വളർച്ചയും ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിമുകളുടെ അമിത പ്രചാരവുമാണ് ഈ ഭീഷണിക്ക് പ്രധാന കാരണം. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളും അവർ കളിക്കുന്ന ഗെയിമുകളും രക്ഷിതാക്കൾ കർശനമായി നിരീക്ഷിക്കണമെന്നും പോലീസ് പറഞ്ഞു.
ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളിലൂടെയും ചാറ്റ് ആപ്ലിക്കേഷനുകളിലൂടെയും കുട്ടികളെ ലക്ഷ്യമിട്ട് വൻതോതിൽ ഡിജിറ്റൽ ബ്ലാക്ക്മെയിലിങ് നടക്കുന്നുണ്ടെന്ന് ഒമാൻ പോലീസ് വ്യക്തമാക്കി. വിനോദത്തിനായി കുട്ടികൾ ഉപയോഗിക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകൾ പലപ്പോഴും ഡിജിറ്റൽ കുറ്റവാളികളുടെ താവളങ്ങളായി മാറുകയാണ്. കുട്ടികളുമായി ഓൺലൈൻ ഗെയിമുകളിലൂടെ സൗഹൃദം സ്ഥാപിക്കുന്ന കുറ്റവാളികൾ ആദ്യം അവരുടെ വിശ്വാസ്യത നേടിയെടുക്കുന്നു. തുടർന്ന് കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും കുടുംബ വിവരങ്ങളും രഹസ്യമായി കൈക്കലാക്കുകയാണ് ഇവരുടെ രീതി. ഈ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളിൽനിന്ന് പണമോ മറ്റ് ആവശ്യങ്ങളോ നേടിയെടുക്കാൻ ശ്രമിക്കുന്നു. അതിനാൽ രക്ഷിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളും അവർ കളിക്കുന്ന ഗെയിമുകളും കർശനമായി നിരീക്ഷിക്കണം.
ഓൺലൈനിൽ ഒരിക്കലും സ്വന്തം പേര്, വിലാസം, ചിത്രങ്ങൾ എന്നിവ അപരിചിതരുമായി പങ്കുവെക്കരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ഭയമില്ലാതെ മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നുപറയാനുള്ള കുടുംബാന്തരീക്ഷം കുട്ടികൾക്ക് ഉറപ്പാക്കണം. ഡിജിറ്റൽ ബ്ലാക്ക്മെയിലിങ് ഒമാനിലെ സൈബർ നിയമങ്ങൾ പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. ഇത്തരം ഭീഷണികൾ ഉണ്ടായാൽ ഒരു കാരണവശാലും കുറ്റവാളികൾ ആവശ്യപ്പെടുന്ന പണം നൽകാൻ പാടില്ല. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒമാൻ പോലീസിന്റെ സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പറായ 80077444 ലെയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും പോലീസ് പറഞ്ഞു.
Content Highlights: Oman Police issued a security warning regarding online multiplayer games posing threats to children.