ഹജ്ജ് തീർഥാടക യാത്രയ്ക്ക് പുതിയ വ്യോമഗതാഗത മാർഗം ഏർപ്പെടുത്തുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം

മസ്‌കറ്റ്: ഒമാനിൽനിന്ന് വിശുദ്ധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഹജ്ജ് തീർഥാടക യാത്രയ്ക്ക് പുതിയ വ്യോമഗതാഗത മാർഗം ഏർപ്പെടുത്തുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികൾ, ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, വിമാനക്കമ്പനികൾ എന്നിവരുമായി നടത്തിയ സംയുക്ത ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.
ഈ വർഷത്തെ ഹജ്ജ് അപേക്ഷകരെയും സേവന കമ്പനികളെയും പുതിയ തീരുമാനത്തെക്കുറിച്ച് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ മാർഗത്തിലൂടെ ഹജ്ജ് തീർഥാടകരെ സുരക്ഷിതമായും സുഗമമായും വിശുദ്ധ ഭൂമിയിലേക്ക് എത്തിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രാലയം നിർദേശം നൽകി.
ഉംറ സീസൺ പുരോഗമിക്കുകയും അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ തീർഥാടകർ ആവശ്യമായ സാധനങ്ങൾ മാത്രം കൊണ്ടുപോകണമെന്ന് ഒമാൻ മതകാര്യ മന്ത്രാലയവും സൗദി ഹജ്ജ്- ഉംറ മന്ത്രാലയവും നിർദേശിച്ചു. മക്കയിലെ ഗ്രാൻഡ് മസ്ജിദ്, മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ വലിയ തിരക്കിനിടയിൽ ദീർഘദൂരം നടക്കേണ്ടതിനാൽ അധിക ലഗേജ് ശാരീരിക ബുദ്ധിമുട്ടിനും സഞ്ചാരതടസ്സത്തിനും കാരണമാകും. ഒരു അധിക ഇഹ്റാം, നിസ്‌കാരപ്പായ, ആവശ്യമായ മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ മാത്രം കൈവശം കരുതുന്നതാണ് ഉചിതമെന്ന് ഒമാൻ മന്ത്രാലയം നിർദേശിച്ചു.
70 സെന്റിമീറ്ററിൽ കൂടാത്ത മിതമായ വലുപ്പമുള്ള ഹാർഡ്ഷെൽ സ്യൂട്ട്കേസ്, ലോക്ക്, ലഗേജ് ടാഗ് എന്നിവ ഉപയോഗിക്കാനാണ് നിർദേശം. ഹജ്ജ്, ഉംറ ദിവസങ്ങളിൽ ആവശ്യമായ സാധനങ്ങൾക്കായി ഭാരം കുറഞ്ഞ ഒരു ബാക്ക്പാക്കും ഇഹ്റാം വസ്ത്രങ്ങൾ, സുഖപ്രദമായ സ്ലിപ്പ് ഓൺ ചെരിപ്പുകൾ, യാത്രാ രേഖകളുടെ പകർപ്പുകൾ എന്നിവ കരുതണം. നിശ്ചയിച്ച സംഗമ സ്ഥലത്തും യാത്രാ സമയത്തും കൃത്യമായി എത്തുകയും ലഗേജ് പരമാവധി കുറച്ച് അവശ്യസാധനങ്ങൾ മാത്രം കൊണ്ടുപോകുകയും ചെയ്യുന്നത് മുഴുവൻ തീർഥാടകർക്കും കൂടുതൽ സൗകര്യപ്രദമായ ഹജ്ജ് യാത്ര ഉറപ്പാക്കാൻ സഹായിക്കുമെന്നും ഒമാൻ ഹജ്ജ് മിഷൻ വ്യക്തമാക്കി.
Content Highlights: Oman's Ministry of Endowments and Religious Affairs announced a new air transport route for Hajj pilgrims. The decision was taken in coordination with Saudi authorities, the Oman Civil Aviation Authority, and airlines. Authorities instructed pilgrims to minimize luggage to avoid physical hardship during rituals in Makkah, Mina, Arafat, and Muzdalifah. Recommended essentials include a hardshell suitcase under 70cm, a light backpack, extra Ihram, prayer mat, and necessary medications.