'അപ്രതീക്ഷിതവും അനിയന്ത്രിതവുമായ സാഹചര്യങ്ങളിൽ വിമാനം മുടങ്ങിയാൽ നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല'

മസ്‌കറ്റ്: അപ്രതീക്ഷിത സാഹചര്യങ്ങളില്‍ വിമാനം മുടങ്ങിയാല്‍ വിമാനക്കമ്പനികളില്‍നിന്ന് യാത്രക്കാരന് നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ലെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ സംഭവങ്ങളുണ്ടാകുമ്പോള്‍ കരാര്‍ ബാധ്യതകള്‍ നിറവേറ്റുന്നതില്‍നിന്ന് കക്ഷികളെ ഒഴിവാക്കുന്ന 'ഫോഴ്സ് മജ്യൂര്‍' കരാര്‍ വ്യവസ്ഥയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.
യുദ്ധം, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, ഇന്ധന വിതരണത്തിലെ പ്രശ്നങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് വിമാനത്താവളം അടച്ചുപൂട്ടല്‍, കാലാവസ്ഥാമാറ്റം എന്നിവ മൂലം വിമാനം മുടങ്ങിയാല്‍ കമ്പനികളില്‍നിന്ന് യാത്രക്കാരന് നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല. ആരോഗ്യ കാരണങ്ങള്‍, പക്ഷി ഇടിക്കല്‍, നിര്‍മാണ വൈകല്യങ്ങള്‍, വിമാനത്തെ ബാധിക്കുന്ന അപ്രതീക്ഷിത പ്രശ്നങ്ങള്‍, പണിമുടക്കുകള്‍, വ്യോമഗതാഗത നിയന്ത്രണം, വിമാന ലോഡ് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ഫോഴ്സ് മജ്യൂറിന് കീഴില്‍ വരുന്ന കേസുകലാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. അവയ്ക്കും നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയില്ല. അതേസമയം, വൈകല്യമുള്ള യാത്രക്കാരുടെ അവകാശങ്ങള്‍ വിമാനക്കമ്പനികള്‍ ഉറപ്പാക്കണം.
വൈകല്യമുള്ള യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അവരുടെ അവസ്ഥയും ആവശ്യമായ ഉപകരണങ്ങളും വിമാനക്കമ്പനികളെ അറിയിക്കണമെന്നും പ്രത്യേക ആവശ്യകതകളുള്ള യാത്രക്കാരന് അവരുടെ മൊബിലിറ്റി എയ്ഡുകളും ഉപകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് വിമാനക്കമ്പനികളും ഉറപ്പുവരുത്തണമെന്നും അതോറിറ്റി പറഞ്ഞു. നാശനഷ്ടമോ കേടുപാടുകളോ സംഭവിച്ചാല്‍ അവയുടെ മൂല്യത്തിന് അനുസൃതമായ നഷ്ടപരഹാരം നല്‍കണമെന്നും സിഎഎ നിര്‍ദേശിച്ചു. ബദല്‍ യാത്രയോ ആവശ്യമായ സേവനങ്ങളോ നല്‍കുന്നതില്‍ എയര്‍കാരിയര്‍ പരാജയപ്പെട്ടാല്‍ റിസര്‍വേഷനുള്ള മൊത്തം ടിക്കറ്റ് മൂല്യത്തിന്റെ 200 ശതമാനം യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
Content Highlights: Oman: No Compensation for Flight Delays Due to Force Majeure