ഡിജിറ്റൽ അന്തരീക്ഷത്തിൽ കുട്ടികളുടെ സുരക്ഷ: സംവാദസദസ്സ് സംഘടിപ്പിച്ച് ഒമാൻ ടി.ആർ.എ

മസ്‌കറ്റ്: ഡിജിറ്റൽ മേഖലയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) പ്രത്യേക സംവാദ സദസ്സ് സംഘടിപ്പിച്ചു. ഓൺലൈൻ രംഗത്തെ അപകടസാധ്യതകളെക്കുറിച്ച് ചർച്ചചെയ്യാനും കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ കൂടുതൽ ശക്തമാക്കാനുമായി സംഘടിപ്പിച്ച പരിപാടിയിൽ രക്ഷിതാക്കളും അക്കാദമിക് വിദഗ്ദ്ധരും സാങ്കേതിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
ഒമാനിൽ സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിനുള്ള നിയമനിർമ്മാണങ്ങളിലും നിയന്ത്രണങ്ങളിലും സുതാര്യത ഉറപ്പാക്കാനും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനും ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്. ഡിജിറ്റൽ വിദ്യാഭ്യാസം, ബോധവൽക്കരണം, കുട്ടികൾക്കായുള്ള പ്രാദേശിക കണ്ടന്റുകളുടെ വികസനം, ഇന്റർനെറ്റ് ഉപയോഗത്തിലെ അപകടസാധ്യതകൾ എന്നിവ ഉൾപ്പെടെ കുട്ടികളെയും കുടുംബങ്ങളെയും ബാധിക്കുന്ന പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമാക്കാനും ഡിജിറ്റൽ ഭീഷണികൾ കുറയ്ക്കാനും സഹായിക്കുന്ന സാങ്കേതിക മാർഗ്ഗങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പരിചയപ്പെടുത്തുന്ന ബോധവത്കരണ പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്വമാണെന്നും അതിനായി തുറന്ന സംവാദങ്ങളും കുടുംബങ്ങളും സ്ഥാപനങ്ങളും സാങ്കേതിക മേഖലയും തമ്മിലുള്ള സഹകരണവും അത്യാവശ്യമാണെന്നും ടി.ആർ.എ വ്യക്തമാക്കി.
വിവിധ വിഭാഗങ്ങളിൽനിന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കാനും അവ പ്രായോഗികമായ പദ്ധതികളാക്കി മാറ്റാനും ഈ സംവാദം അവസരമൊരുക്കിയതായി ടി.ആർ.എ ഒമാൻ വിഷൻ 2040 ഓഫീസിന്റെ സീനിയർ ഡയറക്ടർ എഞ്ചിനീയർ മഹ്മൂദ് ബിൻ ഒമർ അൽ സദ്ജാലി പറഞ്ഞു. നയരൂപീകരണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും പൊതുജനങ്ങളെ പങ്കാളികളാക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം സൈബർ തട്ടിപ്പുകളെക്കുറിച്ച് അതോറിറ്റി സംഘടിപ്പിച്ച സമാനമായ സംവാദ സദസ്സ് വലിയ വിജയമായിരുന്നുവെന്നും അൽ സദ്ജാലി ചൂണ്ടിക്കാട്ടി. അന്ന് ഉയർന്നുവന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള തുർസ്' (Turs) എന്ന ദേശീയ പ്ലാറ്റ്‌ഫോം രൂപവത്കരിച്ചത്. ഈ പുതിയ സംവാദത്തിൽ ഉയർന്നുവന്ന ശുപാർശകളും അഭിപ്രായങ്ങളും വിശദമായി പരിശോധിക്കുമെന്നും ഭാവി പദ്ധതികൾക്കും സുരക്ഷാ നടപടികൾക്കും ഇവ അടിസ്ഥാനമാക്കുമെന്നും ടി.ആർ.എ അറിയിച്ചു.