ഒമാനിൽ കടലാമകളെ ശല്യം ചെയ്യുകയും ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്ത വിദേശികൾക്ക് പിഴ ചുമത്തി കോടതി

മസ്‌കറ്റ്: ഒമാനിൽ കടലാമകളെ ശല്യം ചെയ്യുകയും ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്ത വിദേശികൾക്ക് പിഴ ചുമത്തി കോടതി. തടവ് ശിക്ഷ വിധിച്ചെങ്കിലും കോടതി പിന്നീടത് സസ്‌പെന്റ് ചെയ്തു. ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഒമാനിലെ സൂർ ഫസ്റ്റ് കോടതിയിലെ ക്രിമിനൽ ബെഞ്ചാണ് കേസിൽ ഉൾപ്പെട്ട രണ്ട് വിദേശികളും കുറ്റക്കാരായി കണ്ടെത്തിയത്. കടലാമകളെ സ്പർശിക്കുകയും അവയുടെ അടുത്തേക്ക് ചെന്ന് ശല്യം ചെയ്യുകയും ചെയ്തതിനാണ് നടപടി. വലിയ കടലാമകളുടെ പുറത്തുകയറുകയും ചെറിയ ആമകളെ കൈയിലെടുക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ പ്രവർത്തനങ്ങൾ ചിത്രീകരിച്ച് ഒന്നാം പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
റാസ് അൽ ഹദ്ദ് ആമ സംരക്ഷിത കേന്ദ്രത്തിൽ കൂടുവെക്കാനെത്തിയ കടലാമകളെ ശല്യം ചെയ്യുകയും ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് വിദേശികൾക്കും 100 ഒമാനി റിയാൽ വീതം പിഴ ശിക്ഷയാണ് ലഭിക്കുക. ഒരു മാസം തടവ് ശിക്ഷ വിധിച്ചെങ്കിലും ഇത് നടപ്പാക്കുന്നത് കോടതി സസ്പെൻഡ് ചെയ്തു.
വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് നിയമവിരുദ്ധമായ ഉള്ളടക്കം തയാറാക്കി പ്രചരിപ്പിച്ചതിനാണ് ഒരു മാസം തടവ് ശിക്ഷ വിധിച്ചത്. എന്നാൽ, കോടതി ശിക്ഷകൾ ഒന്നിച്ച് പരിഗണിക്കുകയും തടവ് ശിക്ഷ നടപ്പാക്കുന്നത് സസ്പെൻഡ് ചെയ്യുകയും വിധി പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കേസ് കോടതിയിലെത്തിച്ചത്. വന്യജീവികളെയും പ്രകൃതി സംരക്ഷിത മേഖലകളെയും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. സാമൂഹികമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.
Content Highlights: A criminal court in Sur, Oman, found two foreigners guilty of disturbing sea turtles at Ras Al Hadd reserve.