മാനദണ്ഡങ്ങൾ പാലിക്കാത്ത 500-ലധികം ടയറുകൾ പിടിച്ചെടുത്ത് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

മസ്‌കറ്റ്: ഒമാനിലെ ടയർ വിൽപന കേന്ദ്രങ്ങളിൽ നിന്ന് നിർമാണ വിവരങ്ങളിൽ തിരിമറി നടത്തിയ ടയറുകൾ കണ്ടെത്തി. ദാഖിലിയ ഗവർണറേറ്റിലായിരുന്നു സംഭവം. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിയ പതിവ് പരിശോധനയിലാണ് മാനദണ്ഡങ്ങൾ പാലിക്കാത്ത 500-ലധികം ടയറുകൾ പിടിച്ചെടുത്തത്.
3,000 ഒമാനി റിയാലിലധികം വരും ഇവയുടെ വിപണന മൂല്യം. ടയറുകളിൽ രേഖപ്പെടുത്തിയിരുന്ന നിർമ്മാണ തീയതിയും ഗൾഫ് സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷൻ ലേബലുകളിലെ വിവരങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല.
2024-ൽ നിർമിച്ച ടയറുകളിൽ 2026-ൽ നിർമ്മിച്ചതാണെന്ന വ്യാജ ലേബലുകൾ ഒട്ടിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത മുഴുവൻ ടയറുകളും കണ്ടുകെട്ടുകയും സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.