പ്രവാസി പദ്ധതികളിലെ ബാധ്യതകൾ മുൻ സർക്കാരിന്റേത്; പുതിയ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് സിദ്ദിഖ് ഹസ്സൻ

മസ്കറ്റ് : നോർക കെയർ, നോർക കെയർ പ്ലസ് ഇൻഷുറൻസ് പ്രീമിയം വർധന, പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ പുതിയ സർക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നത് ഉചിതമല്ലെന്ന് ഒമാനിലെ കോൺഗ്രസ് പ്രവാസി നേതാവ് സിദ്ദിഖ് ഹസ്സൻ. നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ മുൻ സർക്കാരിന്റെ കാലത്തെ നയങ്ങളും സാമ്പത്തിക തീരുമാനങ്ങളും കൂടി വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോർക കെയർ ഇൻഷുറൻസ് പ്രീമിയം പുനഃക്രമീകരിക്കേണ്ടിവന്നതിനു പിന്നിൽ ഇൻഷുറൻസ് മേഖലയിലെ ഉയർന്ന ക്ലെയിം അനുപാതവും മുൻപ് ഇൻഷുറൻസ് കമ്പനികളുമായി ഉണ്ടാക്കിയ കരാറുകളിലെ വ്യവസ്ഥകളും കാരണമായിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി തുടർന്നുകൊണ്ടുപോകുന്നതിനൊപ്പം പ്രവാസികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും സിദ്ദിഖ് ഹസ്സൻ കൂട്ടിച്ചേർത്തു.
പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശികയുമായി ബന്ധപ്പെട്ടും വിവിധ ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗങ്ങളുടെ എണ്ണം വർധിച്ചെങ്കിലും പ്രതിമാസ അംശാദായം അടയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണവും അംശാദായ വരുമാനവും തമ്മിലുള്ള അന്തരം ക്ഷേമനിധിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടു.
ഇൻഷുറൻസ് പ്രീമിയം വർധനയും പെൻഷൻ കുടിശ്ശികയും സംബന്ധിച്ച ചർച്ചകളിൽ രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം പദ്ധതികളുടെ സാമ്പത്തിക സ്ഥിതിയും മുൻകാല തീരുമാനങ്ങളുടെ ഫലങ്ങളും കണക്കിലെടുക്കണം. വിഷയത്തിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന പ്രവാസി സംഘടനകൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച നടത്തണമെന്നും സിദ്ദിഖ് ഹസ്സൻ ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമ പദ്ധതികളിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ ആവശ്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പ്രവാസി വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദിഖ് ഹസ്സൻ പറഞ്ഞു.