മനുഷ്യക്കടത്ത്: നിയമനടപടികളും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കി ഒമാൻ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മസ്‌കറ്റ്: മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമനടപടികളും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കി ഒമാൻ. മനുഷ്യക്കടത്ത് വിരുദ്ധ പ്രതിരോധത്തിൽ അന്താരാഷ്ട്ര തലത്തിൽ മേഖലയിൽ രണ്ടാം നിരയിലാണ് ഒമാന്റെ സ്ഥാനം.

ഇരകളുടെ സംരക്ഷണം, കുറ്റകൃത്യങ്ങൾ തടയൽ, നിയമനിർവഹണം, ബോധവത്കരണം എന്നിവയിൽ രാജ്യം നിർണായക പുരോഗതി കൈവരിച്ചതായി 2026-ലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമസംവിധാനം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി 2025-ൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുത്തി.

വിവിധതരം ചൂഷണങ്ങളെ നിയമപരിധിയിൽ കൊണ്ടുവരുന്നതിനൊപ്പം ഇരകളുടെ അവകാശ സംരക്ഷണത്തിനും ആവശ്യമായ സഹായങ്ങൾക്കും പുതിയ നിയമത്തിൽ മുൻഗണന നൽകുന്നു. ഇരകളെ തിരിച്ചറിഞ്ഞ് സുരക്ഷിത പരിചരണ കേന്ദ്രങ്ങളിലെത്തിച്ച് താമസം, ഭക്ഷണം, ചികിത്സ, സാമ്പത്തിക സഹായം, വിപുലമായ കൗൺസലിങ് എന്നിവ ലഭ്യമാക്കുന്നുണ്ട്. കൂടാതെ, ഇരകളാകുന്ന വിദേശികൾക്ക് രാജ്യത്ത് നിയമപരമായി തുടരാനും ജോലി ചെയ്യാനുമുള്ള ബദൽ അവസരങ്ങളും ഭരണകൂടം ഉറപ്പാക്കുന്നു.

ഒമാൻ പോലീസ്, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയിലെ പ്രത്യേക വിഭാഗങ്ങളാണ് കേസ് അന്വേഷണങ്ങൾ നടത്തുന്നത്. പൊതുജനങ്ങളെയും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും ലക്ഷ്യമിട്ട് ഹോട്ട്ലൈൻ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും 2024- 26 ദേശീയ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. ഗാർഹിക തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാൻ 2025 ഒക്ടോബറിൽ തൊഴിൽ മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറപ്പെടുവിക്കുകയും വിവിധ രാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.

Content Highlights: Oman strengthens anti human trafficking laws and victim protection under the 2024-26 plan