'മസ്കറ്റ് കലോത്സവം സീസൺ 2'-ന് വർണ്ണാഭമായ സമാപനം

മസ്കറ്റ് കലോത്സവം സീസൺ 2-ന് സമാപിച്ചു.
മസ്കറ്റ് കലോത്സവം സീസൺ 2-ന് സമാപിച്ചു.

മസ്കറ്റ്: മസ്കറ്റ് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സീബ് റാമി ഡ്രീം റിസോർട്ടിൽ വെച്ച് നടന്ന 'മസ്കറ്റ് കലോത്സവം സീസൺ 2'-ന് വർണ്ണാഭമായ പരിസമാപ്തി. നവംബർ 25, 26, 27 തീയതികളിലായി മൂന്ന് വേദികളിൽ നടന്ന കലാമേളയിൽ പ്രായഭേദമന്യേ 250-ലധികം മത്സരാർഥികൾ മാറ്റുരച്ചു.

കേരളത്തിലെ സ്കൂൾ കലോത്സവങ്ങളുടെ മാതൃകയിൽ സംഘടിപ്പിച്ച മേള പ്രശസ്ത പിന്നണി ഗായിക ലതിക ടീച്ചർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ എന്നീ നാല് വിഭാഗങ്ങളിലായി 35 മത്സര ഇനങ്ങളാണ് മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയത്. കേരളത്തിൽ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാർ ഉൾപ്പെട്ട പാനലായിരുന്നു വിധിനിർണയം നടത്തിയത്. മത്സരങ്ങൾ കാണുന്നതിനായി മൂന്ന് ദിവസങ്ങളിലും വൻ ജനാവലിയാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്.

വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ കലാപ്രതിഭ, കലാതിലകം പട്ടങ്ങൾ നൽകി ആദരിച്ചു. ജൂനിയർ വിഭാഗത്തിൽ ഇഷ രഞ്ജിത്തും, സീനിയർ വിഭാഗത്തിൽ ദിയ ആർ. നായരും, ഓപ്പൺ വിഭാഗത്തിൽ രസ്ന ലക്ഷ്മിയും കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ സായൻ സന്ദേഷും, ഓപ്പൺ വിഭാഗത്തിൽ അക്ഷയ് രോഹിത് ഷായും കലാപ്രതിഭാ പട്ടം കരസ്ഥമാക്കി.

കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രമുഖ ഒമാനി നടൻ ഡോ. താലിബ് അൽ ബലൂഷി, ഹാഷിൽ മുഹമ്മദ് സെയ്ഫ് അൽ സിയാബി, അബ്ദുൾ ലത്തീഫ് ഉപ്പള, പിന്നണി ഗായകരായ ലതിക ടീച്ചർ, കൊല്ലം അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് ലതിക ടീച്ചറും കൊല്ലം അഭിജിത്തും ചേർന്ന് അവതരിപ്പിച്ച 'മയൂരം' ഗാനസന്ധ്യ കലാസ്നേഹികൾക്ക് നവ്യാനുഭവം സമ്മാനിച്ചു. കലാമത്സരങ്ങൾക്ക് പുറമേ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ ഒരുക്കിയ ഫുഡ് സ്റ്റാളുകളും കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, മെഹന്തി എന്നിവയുടെ സ്റ്റാളുകളും മേളയെ ഏറെ ആകർഷകമാക്കി.