ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിനുനേരെ മിസൈൽ ആക്രമണം; 22 ഇന്ത്യക്കാരുൾപ്പെടെ 25 നാവികരും സുരക്ഷിതർ

മനാമ: ഹോർമുസ് കടലിടുക്കിൽ പാചകവാതകം (എൽ.പി.ജി.) കൊണ്ടുപോവുകയായിരുന്ന ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യക്കാരടക്കം 25 നാവികരും സുരക്ഷിതരാണെന്നും എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.
ഒമാനിലെ കസബ് തീരത്തുനിന്ന് ഏതാണ്ട് ഏഴ് നോട്ടിക്കൽ മൈൽ അകലെവെച്ചാണ് മിസൈൽ ഉപയോഗിച്ച് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ ഒരു ഭാഗത്ത് തീപിടിച്ചെങ്കിലും ഉടൻതന്നെ അണയ്ക്കാനായി. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ നാവികരെയും മറ്റ് മൂന്ന് നാവികരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഈ മേഖലയിൽ ഇന്ത്യൻ നാവികരുള്ള കപ്പലിനുനേരെ ആക്രമണം ഉണ്ടാകുന്നത്. ഈ മാസം 11-നും പ്രദേശത്ത് വലിയ ആക്രമണം നടന്നിരുന്നു. അന്ന് കപ്പലിലുണ്ടായിരുന്ന 17 ഇന്ത്യൻ നാവികരിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റിരുന്നു. എല്ലാ നാവികരെയും രക്ഷപ്പെടുത്തിയിരുന്നെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.