മർവാൻ മുനവ്വറിന് സംസ്ഥാന ഭിന്നശേഷി പുരസ്കാരം; നേട്ടം ഖസബിലെ മുൻ പ്രവാസി യുവാവിന്

മസ്കറ്റ്: ഒമാനിലെ ഖസബിൽ പ്രവാസജീവിതം നയിച്ച മലയാളി കുടുംബത്തിലെ അംഗവും മുൻ പ്രവാസി യുവാവുമായ മർവാൻ മുനവ്വറിന് കേരള സംസ്ഥാന ഭിന്നശേഷി പുരസ്കാരം. ഭിന്നശേഷി മേഖലയിൽ സ്തുത്യർഹമായ സേവനങ്ങളും മികച്ച നേട്ടങ്ങളും കൈവരിച്ച വ്യക്തികൾക്ക് നൽകുന്ന പുരസ്കാരത്തിനാണ് കാസർകോട് വിദ്യാനഗർ ഐ.ടി.ഐ. റോഡിൽ താമസിക്കുന്ന തളങ്കര ഉബൈദ് റോഡ് സ്വദേശി മർവാനെ തിരഞ്ഞെടുത്തത്. കല, സാഹിത്യം, കായികം എന്നീ വിഭാഗങ്ങളിലെ മികച്ച വ്യക്തിഗത പ്രകടനത്തിനാണ് അംഗീകാരം. ഡിസംബർ 3-ന് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
മർവാന്റെ ജീവിതയാത്രയിൽ ഒമാനിലെ ഖസബിന് നിർണായക സ്ഥാനമാണുള്ളത്. എട്ടുമാസം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കളായ വി.എം. മുനവ്വർ ശുഐബിന്റെയും ഷബീലയുടെയും ഒപ്പം മർവാൻ ഖസബിലെത്തിയത്. കുടുംബത്തിന്റെ പ്രവാസജീവിതത്തിനിടയിലാണ് മർവാന്റെ വളർച്ചയുടെ ആദ്യ ഘട്ടങ്ങൾ കടന്നുപോയത്. 13 മാസം പ്രായമായപ്പോൾ ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങവേ ട്രെയിൻ യാത്രയ്ക്കിടെ മർവാന് അപസ്മാരം ഉണ്ടായത് കുടുംബത്തെ ആകെ ആശങ്കയിലാഴ്ത്തിയ ആദ്യ അനുഭവങ്ങളിലൊന്നായിരുന്നു.
നാട്ടിലെത്തിയ ശേഷവും സംസാരവികസനത്തിലെ താമസവും ആരോഗ്യപ്രശ്നങ്ങളും തുടർന്നു. വിദഗ്ധ പരിശോധനകൾക്കും ചികിത്സകൾക്കും ശേഷമാണ് മർവാന് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കുടുംബം നൽകിയ കൃത്യമായ ചികിത്സയും സ്പീച്ച് തെറാപ്പിയും സംഗീത പരിശീലനവും മർവാന്റെ ജീവിതത്തിൽ വഴിത്തിരിവായി. പ്രതിസന്ധികൾക്കിടയിലും മർവാനിലെ സംഗീതപ്രതിഭ തിരിച്ചറിഞ്ഞ് വളർത്തിയെടുത്തതാണ് ഇന്നത്തെ വലിയ നേട്ടങ്ങളിലേക്ക് വഴിയൊരുക്കിയത്.
ഇന്ന് 26 വയസ്സുള്ള മർവാൻ സംഗീതരംഗത്ത് ഇതിനോടകം ശ്രദ്ധേയമായ നിരവധി ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 'ഭാരതീയർ നാം', 'ഹരിത ചരിതം', 'സൈലന്റ്', 'സംഗീതം', 'തൃശ്ശൂർ പൂരം', 'എന്നോട് നീ', 'പൂവേ പൊലി പൂവേ', 'പെണ്ണേ' എന്നിവയാണ് പ്രധാന ആൽബങ്ങൾ. 'ട്രാഷ്' എന്ന ഹ്രസ്വചിത്രത്തിന് സംഗീതസംവിധാനവും നിർവഹിച്ചു. കൂടാതെ, 'പർപ്പിൾ പോപ്പിൻസ്' എന്ന മലയാള സിനിമയിലെ ഇംഗ്ലീഷ് ടൈറ്റിൽ ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
നോബൽ വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ്വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ ബഹുമതികളും മർവാൻ സ്വന്തമാക്കിയിട്ടുണ്ട്. 'മർവാൻസ് ഓട്ടിസം വയലിൻ' എന്ന സംഗീത ബാൻഡും അദ്ദേഹം നയിക്കുന്നു. സംഗീത സംവിധായകനും മ്യൂസിക് തെറാപ്പിസ്റ്റുമായ എടപ്പാൾ സ്വദേശി നിർഷാദ് നിനിയിൽ നിന്നാണ് സംഗീതപരിശീലനം നേടിയത്. ഗിറ്റാർ, കീബോർഡ്, മെലോഡിക്ക എന്നിവയിൽ പ്രാവീണ്യമുള്ള മർവാൻ കർണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്റ്റുഡിയോ എൻജിനീയറിങ്, മ്യൂസിക് പ്രൊഡക്ഷൻ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നു.
തളങ്കര തെരുവത്ത് ഉബൈദ് റോഡിലെ പരേതനായ ഡോ. വി.എം. പള്ളിക്കലിന്റെ പൗത്രനാണ് മർവാൻ. ഒമാനിലെ ഖസബിൽ നിന്ന് ആരംഭിച്ച പ്രവാസജീവിതവും പിന്നീട് നാട്ടിൽ സംഗീതരംഗത്ത് കൈവരിച്ച അതുല്യ നേട്ടങ്ങളും മർവാന്റെ ജീവിതയാത്രയിലെ പ്രധാന അധ്യായങ്ങളാണ്. ഓട്ടിസത്തെ അതിജീവിച്ച് സംഗീതത്തിലൂടെ സ്വന്തം കഴിവുകൾ തെളിയിച്ച മർവാന് ലഭിച്ച സംസ്ഥാന പുരസ്കാരം, പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് ലക്ഷ്യത്തിലെത്താമെന്ന വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.