ഒമാനിൽ വീട്ടുജോലിക്കായെത്തിയ മലയാളി സ്ത്രീക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ മോചനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മസ്‌കറ്റ്: ഒമാനിൽ ഒരു മലയാളി കുടുംബത്തിൽ വീട്ടുജോലിക്കായി വിസിറ്റ് വിസയിൽ എത്തി കുടുങ്ങിയ സ്ത്രീക്ക് മോചനം. ഒമാനിലെ സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാന്റെ ഇടപെടലിലൂടെയാണ് വീട്ടുജോലിക്കാരി സുരക്ഷിതമായി നാട്ടിലെത്തിയത്.

നാല് മാസങ്ങൾക്ക് മുമ്പാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സ്ത്രീ ഒമാനിലേക്ക് വീട്ടുജോലിക്കായി എത്തുന്നത്.ആലപ്പുഴ സ്വദേശികളായ തൊഴിലുടമകൾ വിസിറ്റ് വിസയിലാണ് ഇവരെ വീട്ട് ജോലിക്ക് കൊണ്ടുവന്നത്. തൊഴിലുടമയിൽനിന്നു നിരന്തരം മോശമായ പെരുമാറ്റങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതായിഅവർ പറഞ്ഞു. ഒമാനിലെ സാമൂഹ്യപ്രവർത്തകനായ ഡോ. സജി ഉതുപ്പാന്റെ ഇടപെടലിലൂടെ നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് അവരെ സുരക്ഷിതമായി നാട്ടിലേക്കയച്ചത്.

വളരെ മോശമായ രീതിയിലായിരുന്നു കുടുംബത്തിന്റെ പെരുമാറ്റമെന്നും സ്ത്രീ ഗുരുതരമായ ദുരനുഭവങ്ങൾ സഹിക്കേണ്ടി വന്നതായും ഡോക്ടർ പറഞ്ഞു. വീട്ടുജോലിക്കാരിയുടെ നാട്ടിലുള്ള കുടുംബാംഗങ്ങൾ ഡോക്ടറെ വിവരം അറിയിച്ചതിനെത്തുടർന്നാണ് അദ്ദേഹം വിഷയത്തിൽ ഇടപെടുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ലഭിക്കാതെ പോയ ശമ്പളവും യാത്രാടിക്കറ്റും ഉറപ്പാക്കി നൽകിയ ശേഷമാണ് കഴിഞ്ഞ ദിവസം അവരെ സുരക്ഷിതമായി നാട്ടിലേക്കയച്ചത്.

സാമൂഹ്യ പ്രവർത്തകരായ ജാഫർ കായംകുളം, ഫഹദ് എന്നിവരും ഈ ഉദ്യമത്തിന് നേതൃത്വം നൽകി.

Content Highlights: Malayali Maid Rescued from Oman Employer After Exploitation