ഓണം സമത്വബോധത്തിന്റെയും, മാനവികതയുടെയുംഅടയാളം- കൊടിക്കുന്നിൽ സുരേഷ് എം പി.

മനാമ: ഓണം മലയാളിയുടെ ഒരു ആഘോഷം മാത്രമല്ല, അത് സംസ്‌ക്കാരത്തിന്റെയും, സാഹോദര്യത്തിന്റെയും സമത്വ ബോധത്തിന്റെയും, മാനവികതയുടെയും മഹത്തായ അടയാളമാണ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അഭിപ്രായപ്പെട്ടു. ബഹ്റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ അധാരി ഗാർഡനിൽ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാബലിയുടെ ഓർമ്മകളിലൂടെ നാം ആഘോഷിക്കുന്ന ഓണം, മനുഷ്യർക്കിടയിൽ വേർതിരിവുകൾ ഇല്ലാത്ത, എല്ലാവർക്കും തുല്യ നീതിയും, സന്തോഷവും ലഭിക്കുന്ന ഒരു സമൂഹത്തെ കുറിച്ചുള്ള സ്വപ്നമാണ് മുന്നോട്ട് നയിക്കുന്നത്. ജാതിയുടെയും, മതത്തിന്റെയും, സമ്പത്തിന്റെയും, അധികാരത്തിന്റെയും പേരിൽ മനുഷ്യർ വേർതിരിക്കപ്പെടാത്ത ഒരു ലോകമാണ് ഓണം നമുക്ക് നൽകുന്ന സന്ദേശം.

ഇന്ന് ലോകം പല തരത്തിൽ ഉള്ള സംഘർഷങ്ങളും, അസഹിഷ്ണുതയും, സാമൂഹിക വിഭജനങ്ങളും നേരിടുമ്പോൾ ഓണത്തിന്റെ ഈ സന്ദേശത്തിന് കൂടുതൽ പ്രസക്തിയുണ്ട് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി അഭിപ്രായപെട്ടു. കേരളത്തിന്റെ വളർച്ചയുടെ ചരിത്രം എഴുതുമ്പോൾ പ്രവാസി മലയാളികളുടെ സംഭാവനകൾക്ക് ഒരിക്കലും മാറ്റിനിർത്താനാവാത്ത സ്ഥാനമുണ്ട്.

സ്വന്തം കുടുംബത്തിന്റെ ഭാവിക്കുവേണ്ടി അധ്വാനിക്കുന്നതിനൊപ്പം, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും, സാമൂഹിക പുരോഗതിക്കും വലിയ കരുത്ത് പകരുന്നവർ ആണ് പ്രവാസികൾ എന്നും അദ്ദേഹം അഭിപ്രായപെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെയും, കേരളത്തിലെയും പ്രമുഖ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനും ആയ പമ്പാവാസൻ നായരെ ആദരിച്ചു.

ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കൊല്ലം ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാർ തെവൊദോസ്യോസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ, പ്രമുഖ വ്യവസായി റഹീം വാവകുഞ്ഞ്, സ്ലീബ പോൾ കൊറേപ്പിസ്‌ക്കൊപ്പ, ഫാ. തോമസുകുട്ടി പി എൻ, ജേക്കബ് തോമസ് മാടപാട്ട് കൊറെപ്പിസ്‌ക്കോപ്പ, കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയംചേരി, പ്രോഗ്രാം കമ്മറ്റി കൺവീനർ ഗിരീഷ് കാളിയത്ത്, ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ സൈദ് എം എസ്, ജേക്കബ് തേക്ക്‌തോട്, ജീസൺ ജോർജ്, രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, ദേശീയ കമ്മറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.

Content Highlights: kodikunnil-suresh-bahrain-oicc-onam-celebrations-2026