ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കേരളോൽസവം നാളെ

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ കേരളോൽസവം പരിപാടി ഒക്ടോബർ 31 വെള്ളിയാഴ്ച (നാളെ) വൈകിട്ട് ദാർസൈറ്റിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ മൾട്ടി പർപ്പസ് ഹാളിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാവർഷവും നടത്തിപ്പോരുന്ന കേരളോൽസവത്തിൽ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം പതിവായി നൽകി വരാറുണ്ട്. മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസിനാണ് ഈ വർഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം. കുട്ടിസ്രാങ്ക്, ഇ മ യൗ, അതിരൻ, തന്ത്രം, പുത്രൻ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ തിരക്കഥകൾ ആണ്. കൂടാതെ ടെലിവിഷൻ സീരിയലുകൾ, നോവലുകൾ, കഥകൾ എന്നീ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പി.എഫ്. മാത്യൂസിനു 2020 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം അടിയാളപ്രേതം എന്ന നോവലിന് കിട്ടിയിട്ടുണ്ട്. മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരവും ഈ നോവലിന് തന്നെയാണ് നൽകുന്നത്.
ഒക്ടോബർ 30ന് മലയാളവിഭാഗത്തിന്റെ റുവിയിലുള്ള ഓഫീസിൽ വെച്ചുനടന്ന പത്ര സമ്മേളനത്തിൽ പി.എഫ്. മാത്യൂസിനോടൊപ്പം മലയാള വിഭാഗം കൺവീനറും സംസാരിച്ചു. 1986 മുതൽ കേരള കൾച്ചറൽ സെന്ററിന്റെ സമയമുതൽ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കൊടുത്തു വരുന്നു എന്ന് കൺവീനർ പത്രസമ്മേളനത്തിൽ അറിയിച്ചു.1986ലെ പുരസ്കാര ജേതാവ് കടമ്മനിട്ട രാമകൃഷ്ണൻ ആയിരുന്നുവെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഒഎൻവി കുറുപ്പ് ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക സാഹിത്യമാരേയും ആദരിച്ചു നൽകിയ ഈ പുരസ്കാരം ഈ വർഷത്തെ ജേതാവായ പി.എഫ്. മാത്യൂസിനെ നല്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കപ്പെടുന്ന കേരളോൽസവം പരിപാടിയിൽ വെച്ചു പുരസ്കാരം പി.എഫ്. മാത്യൂസിനു നൽകും. തുടർന്ന് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മലയാളം വിങ് ഓഫീസിൽ വെച്ച് സിനിമയും സാഹിത്യവും-തിരക്കഥാ രചനയിലെ കാലാനുസൃതമായ മാറ്റങ്ങൾ എന്ന വിഷയത്തെകുറിച്ചും സാഹിത്യ ചർച്ചയും മലയാളം വിങ് ഭാരവാഹികൾ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ വിജയത്തിനും സുഗമമായ നടത്തിപ്പിനും ഏവരുടെയും സഹകരണം കൺവീനർ താജുദ്ദീൻ അഭ്യർഥിച്ചു. ചടങ്ങിൽ കോ കൺവീനർ രമ്യാ ഡെൻസിൽ, സാഹിത്യ വിഭാഗം സെക്രട്ടറി സുനിൽ കുമാർ കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി പാപ്പച്ചൻ ഡാനിയേൽ എന്നിവരും മറ്റു മലയാളം വിങ് ഭാരവാഹികളായ അനീഷ് പിള്ളൈ, ടീന ബാബു, സജീമോൻ, സതീഷ്കുമാർ, വിനോജ് വിൽസൺ, കൃഷ്ണേന്ദു എന്നിവരും പങ്കെടുത്തു.
Content Highlights: Oman`s Indian Social Club Malayalam wing celebrates Kerala Ulsavam. Award presented to renowned writer P.F. Mathews. Cultural programs and literary discussions scheduled. SEO Friendly URL: