പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് ഒമാനിൽ തുടക്കമായി

.
.

മസ്കറ്റ് /സലാല: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് ഒമാനിൽ തുടക്കമായി. മസ്‌കറ്റിലും സലാലയിലും അടക്കം യോഗ പ്രദർശനങ്ങൾ അരങ്ങേറി. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന യോഗ ദിനാഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു.

ഇന്ത്യക്കാർക്ക് പുറമെ ഒമാനി സ്വദേശികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ 400-ലധികം പേരെ പങ്കെടുപ്പിച്ചു കൊണ്ടാണ് മസ്കറ്റിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചത്. സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയും ഒമാനും തമ്മിലുള്ള നാവിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റ ഭാഗമായി മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ ഇന്ത്യൻ നാവികസേന കപ്പലുകളായ ഐഎൻഎസ് മുർമുഖ, ഐഎൻഎസ് തബാർ എന്നിവയിലും സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്തും യോഗ പ്രദർശനങ്ങൾ അരങ്ങേറി.

ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള വിവിധ യോഗ ഗ്രൂപ്പുകളും റോയൽ നേവി ഓഫ് ഒമാൻ ഉദ്യോഗസ്ഥരും കപ്പൽ ജീവനക്കാരും യോഗയിൽ പങ്കാളിയായി. യോഗയുടെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനും പങ്കെടുക്കുന്നവർക്കിടയിൽ ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലാണ് യോഗ പ്രദർശനം ഒരുക്കിയത്. വിദഗ്‌ധർ യോഗയെ പരിചയപ്പെടുത്തി സംസാരിച്ചു. യോഗ അവബോധം പ്രചരിപ്പിക്കുന്നതിനുള്ള ഇന്ത്യൻ നാവിക സേനയുടെ ദൗത്യത്തിൻ്റെ ഭാഗമായാണ് മസ്‌കറ്റിലും സലാലയിലും പ്രദർശനവും പ്രചാരണവും ഒരുക്കിയത്. 

Content Highlights: Oman Celebrates International Yoga Day: Grand Events in Muscat & Salalah