ഗോപിനാഥ് മുതുകാടിന്റെ 'എം ക്യൂബ്' ഫെബ്രുവരി 6-ന് ഒമാനിൽ : നന്മ കാസർകോട് നേതൃത്വം നൽകും

മസ്‌കറ്റ്: ഭിന്നശേഷിക്കാരുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് മാജിക്, മെലഡി, മിഷന്‍ എന്നീ ആശയങ്ങളോടെ എം ക്യൂബ് പരിപാടിയുമായി ഗോപിനാഥ് മുതുകാട്. തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ലോകോത്തര മാതൃകയില്‍ കാസറഗോഡ് നിര്‍മ്മിക്കുന്ന International Institute for People with Disabilities (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ പൂര്‍ത്തീകരണത്തിനായി നടത്തുന്ന പരിപാടി ഫെബ്രുവരി 6 ന് ഒമാനില്‍ നടക്കും.

കാസറഗോഡ് നിര്‍മ്മിക്കുന്ന 120 കോടി രൂപയുടെ ഈ മഹാസംരംഭത്തിന് പ്രവാസലോകത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. 2025 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് ഐ. ഐ.പി.ഡിക്ക് തറക്കല്ലിട്ടത്. ആയിരം ദിനങ്ങള്‍ കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസര്‍ഗോഡ് നിര്‍മ്മിക്കുന്ന ഈ സ്ഥാപനത്തിന് ധനസമാഹരണം നടത്താനായി, ലോകമെമ്പാടുമുള്ള കലാസ്നേഹികളെ അണിനിരത്തിയാണ് മുതുകാട് 'എം ക്യൂബ്' പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിനോടകം ഓസ്‌ട്രേലിയ, ഖത്തര്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒമാന് പുറമെ യു.കെ., അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലും 'എം ക്യൂബ്' ഉടന്‍ അരങ്ങേറും.

കാഞ്ഞങ്ങാട് മടിക്കൈയില്‍ 30 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്ന ഐ.ഐ.പി.ഡി, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് ആശ്രയമാകുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷി സ്ഥാപനമായി ഇത് മാറും

അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍ , അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍ , പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍ , തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ , മെഡിക്കല്‍ സൗകര്യങ്ങള്‍ , ട്രയിനിംഗ് സെന്ററുകള്‍ തുടങ്ങി വിപുലീകരിച്ച സംവിധാനങ്ങള്‍ കാസറഗോഡ് ഐ.ഐ.പി.ഡിയില്‍ ഉണ്ടാകും. ഓരോ വ്യക്തിക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍. തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍: ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന തൊഴില്‍ പരിശീലനം തുടങ്ങി ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 1000 ഭിന്നശേഷിക്കാര്‍ക്ക് ഇവിടെ പരിശീലനം നല്‍കാന്‍ സാധിക്കും.

Content Highlights: Gopinath Muthukad`s `M Cube` program in Oman aims to raise funds for the International Institute for People with Disabilities (IIPD) in Kasaragod, Kerala, supporting comprehensive development for individuals with disabilities.