ശ്രീലയം: കൃഷ്ണഭക്തിയുടെ മാസ്മരിക പ്രപഞ്ചം

ഒരു പുൽക്കൊടിയിൽ പോലും പവിത്രമായ കൃഷ്ണഭക്തി നിറയ്ക്കുന്നതും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നതുമായ സംഗീതാനുഭവമാണ് ശ്രീലയം കാത്തുവയ്ക്കുന്നത്. മലയാളികളുടെ മനസ്സിൽ എന്നും പ്രണയത്തിന്റെയും ഭക്തിയുടെയും പരമമായ പ്രതീകമാണ് ശ്രീകൃഷ്ണൻ. കേവലമൊരു സ്തുതിഗീതത്തിനപ്പുറം, ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ സ്‌നേഹബന്ധത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ഭക്തിഗാന ആൽബമാണ് 'ശ്രീലയം.'
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു വേണ്ടി തയ്യാറാക്കുന്ന ഈ ഗാനം ഭക്തന് ഭഗവാനോടുള്ള നിഷ്‌കളങ്കമായ ഭക്തിയും ഭക്തനോട് ഭഗവാനുള്ള അടിയുറച്ച സ്‌നേഹവും പരസ്പരം ലയിച്ചുചേരുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ഈ ഭക്തിഗാന ആൽബത്തിന് 'ശ്രീലയം' എന്ന മനോഹരമായ നാമകരണം ചെയ്തിരിക്കുന്നത് വിജിത വിമൽ ആണ്.
ഈ ഗാനത്തിന് ഹൃദയഹാരിയായ ഈണം നൽകി ഈ പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകൻ റിത്വിക് ചന്ദ്. വിദ്യ രതീഷിന്റെ ഭാവസാന്ദ്രമായ വരികളാണ് ഗാനത്തിന് ജീവൻ നൽകിയിരിക്കുന്നത്. വരികളുടെയും ഈണത്തിന്റെയും ആത്മാവ് തൊട്ടറിഞ്ഞുള്ള ആലാപന ശൈലി ശ്രോതാക്കളുടെ മനസ്സ് നിറയ്ക്കാൻ പോന്നതാണ്.
ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിനായുള്ള ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. സംവിധായകൻ വിമൽ കുമാറിന്റെ നേതൃത്വത്തിൽ ആൽബത്തിന്റെ ചിത്രീകരണം ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലുമായി ഉടൻ ആരംഭിക്കും. ദൃശ്യാവിഷ്‌കാരത്തിന് പിന്നിലുള്ളവർ:
ചീഫ് അസ്സോസിയേറ്റ്: പ്രസാദ്
അസിസ്റ്റന്റ് ഡയറക്ടർമാർ: ദീപു, ദീപക്
ക്യാമറ (ഛായാഗ്രഹണം): വിഷ്ണു, ശ്യാം
വസ്ത്രാലങ്കാരം& ചമയം: ഉണ്ണിമായ
ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദൃശ്യരൂപം കൂടി കൈവരുന്നതോടെ ഈ സംഗീത സൃഷ്ടി വരുംദിവസങ്ങളിൽ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് കണ്ണിനമൃതും കാതുകൾക്ക് ഇമ്പവും നൽകുമെന്നതിൽ സംശയമില്ല.
വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹൂസ്റ്റൻ
Content Highlights: Sreelayam is a new devotional album dedicated to Lord Guruvayurappan., Composed by Ritwik Chand with lyrics by Vidya Ratheesh., Directed by Vimal Kumar, featuring scenic visuals from Houston temple premises., Captures the deep emotional bond between the devotee and Lord Krishna.