സാൻജോസ് കൾച്ചറൽ സെന്റർ പെർത്തിൽ പ്രവർത്തനം തുടങ്ങി

പെർത്ത്: കേരളീയ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സാൻജോസ് കൾച്ചറൽ സെന്റർ പെർത്തിൽ പ്രവർത്തനം തുടങ്ങി. ഓഗസ്ത് 30ന് നടന്ന ചടങ്ങിൽ ഓസ്‌ട്രേലിയൻ ഫെഡറൽ ഡിഫൻസ് പേഴ്‌സണൽ ആൻഡ് വെറ്ററൻസ് അഫയേഴ്‌സ് മന്ത്രി മാത്യു ജെയിംസ് കീയോ സെന്റർ ഉദ്ഘാടനം ചെയ്തു.
വിവിധ തലമുറകളിലുള്ള മലയാളികൾക്ക് ഒത്തുചേരാനും സാംസ്‌കാരിക പൈതൃകം കൈമാറാനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും വേദിയൊരുക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. സാംസ്‌കാരിക പരിപാടികൾക്കു പുറമേ വിദ്യാഭ്യാസ, സാമൂഹിക, കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങൾക്കും സെന്റർ നേതൃത്വം നൽകും.
ഉദ്ഘാടനച്ചടങ്ങിൽ ട്രിഷ് കുക്ക് എംപി, സിറ്റി ഓഫ് ആർമഡെയിൽ കൗൺസിലർ ടോണി തോമസ്, സിറ്റി ഓഫ് ഗോസ്നെൽസ് കൗൺസിലർ എമ്മ ഷാങ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സാംസ്‌കാരിക വൈവിധ്യവും സാമൂഹിക ഉൾക്കൊള്ളലും ശക്തിപ്പെടുത്തുന്നതിൽ കമ്മ്യൂണിറ്റി സംഘടനകൾ വഹിക്കുന്ന പങ്ക് അതിഥികൾ ചൂണ്ടിക്കാട്ടി.
സേവനമികവിന് അംഗീകാരം
ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനം നൽകിയവരെ കമ്മ്യൂണിറ്റി ഹീറോ, കമ്മ്യൂണിറ്റി റെക്കഗ്‌നിഷൻ അവാർഡുകൾ നൽകി ആദരിച്ചു. ആരോഗ്യരംഗം, വിദ്യാഭ്യാസം, എൻജിനീയറിങ്, ബിസിനസ് തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകിയത്.
ഡോ. കുരുവിള മാത്യു, മിനിമോൾ ജോർജ്, ബ്ലോസം ജോസഫ്, ജോൺ മുട്ടത്തിൽ, ഡോ. ജോൺ ജോസഫ്, സി. ജെ. ജോസഫ് ചീടപറമ്പിൽ, വൽസ ജോസഫ് ചാക്കോ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ട്രിഷ് കുക്ക് എംപി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
ജനോഷ് സെബാസ്റ്റ്യൻ, റോയ്‌സ് ജോസഫ്, അഗസ്റ്റിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ. അജിത് ചെറിയകര സ്വാഗതവും ബിവിൻ ബിനോയ് നന്ദിയും പറഞ്ഞു. മാത്യു മത്തായി, ജോജു ഗ്രിഗോറിയസ്, ജെസ്റ്റിൻ ടോം, ജെസ്വിൻ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കേരളീയ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഓസ്‌ട്രേലിയൻ സമൂഹവുമായി കൂടുതൽ ശക്തമായ ബന്ധം വളർത്തുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററിന്റെ പ്രവർത്തനം. സാംസ്‌കാരിക പരിപാടികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ, കമ്മ്യൂണിറ്റി സേവന പദ്ധതികൾ എന്നിവ ഭാവിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: San Jose Cultural Centre inaugurated in Perth by Australian Minister Matt Keogh on August 30., Aims to preserve Kerala culture, promote community services, and foster social bonds., Community Hero and Recognition Awards presented to notable individuals for excellence across various sectors.