ഡാലസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ 123-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 26ന് കൊടിയേറും

ഡാലസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡാലസിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (130 Locust Grove Rd., Garland, TX 75043.) ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ ആചരിക്കും.

പെരുന്നാളിന്റെ കൊടിയേറ്റ് ചടങ്ങ് ഒക്ടോബര്‍ 26 ഞായറാഴ്ച രാവിലെ 11:30 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കും. ഡോ.തോമസ് മാര്‍ ഇവാനിയോസ് തിരുമേനി കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഫിലാഡല്‍ഫിയ സെന്റ് തോമസ് പള്ളി അസി.വികാരി ഫാ.സുജിത് തോമസ് ആണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളിലെ മുഖ്യ കാര്‍മ്മികനും കണ്‍വെന്‍ഷന്‍ പ്രഭാഷകനും. ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ സന്ധ്യാ നമസ്‌കാരത്തിനുശേഷം ഫാ.സുജിത് തോമസ് നയിക്കുന്ന കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍ നടക്കും.

പ്രധാന പെരുന്നാള്‍ ദിവസമായ നവംബര്‍ 2 ഞായറാഴ്ച രാവിലെ 8:30-ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഫാ. സുജിത് തോമസ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാനയും നടക്കും. 11:30-ന് റാസയും ആശീര്‍വാദവും ഉണ്ടാകും. പെരുന്നാള്‍ ദിവസമായ നവംബര്‍ 2-ന് ഉച്ചയ്ക്ക് 12:30-ന് എം.ജി.എം. ഹാളില്‍ സ്‌നേഹവിരുന്നോടെ പെരുന്നാള്‍ സമാപിക്കും.

കൂടാതെ, യുവജന പ്രസ്ഥാനങ്ങളുടെയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെയും പ്രത്യേക ധ്യാനങ്ങള്‍ നവംബര്‍ 1 ശനിയാഴ്ച ഫാ.സുജിത് തോമസിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

ദേവാലയ വികാരിയും പ്രസിഡന്റുമായ ഫാ.ജോയല്‍ മാത്യു, ട്രസ്റ്റി ടോണി ജേക്കബ്, സെക്രട്ടറി ഡെന്നിസ് ഡാനിയേല്‍ എന്നിവര്‍ പെരുന്നാള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തുകൊണ്ട് തിരുമേനിയുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

Content Highlights: Salas St Gregorious Church Ormapperunnal