വാഷിങ്ടണിൽ കേരളത്തനിമ നിറച്ച് ‘ഓണം വൈബ്സ് 2026’; താരമായി ‘വാഷിങ്ടൺ ഗജരാജൻ’

വിർജീനിയ: കേരളത്തിന്റെ ഓണപ്പെരുമയും കലാ-സാംസ്കാരിക പൈതൃകവും അമേരിക്കൻ മണ്ണിൽ പുനരാവിഷ്കരിച്ച് കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിങ്ടൺ (KCSMW) സംഘടിപ്പിച്ച ‘ഓണം വൈബ്സ് 2026’ ശ്രദ്ധേയമായി. സെപ്റ്റംബർ 5-ന് നോർത്തേൺ വിർജീനിയയിൽ നടന്ന ആഘോഷത്തിൽ ആയിരത്തിലധികം പേർ പങ്കെടുത്തു.
മുഖ്യ സ്പോൺസർ സലിൽ ശങ്കരൻ, KCS പ്രസിഡന്റ് ഷെല്ലി പ്രഭാകരൻ, പ്രഥമ വനിത ബീന ഷെല്ലി, സെക്രട്ടറി ലേഖ നായർ, , എന്റർടെയ്ൻമെന്റ് ചെയർ സുജിത് കുമാർ, എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ മുതൽ സംഗീതം, ഗാനങ്ങൾ, നൃത്തങ്ങൾ, ഫാഷൻ ഷോ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികൾ വരെ ആഘോഷത്തിന് നിറപ്പകിട്ടേകി. മെഗാ തിരുവാതിരയും കാണികളുടെ മനംകവർന്നു.
അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിന്റെ ഭാഗമായ മോഹിനിയാട്ട കലാകാരികളുടെ പ്രത്യേക അവതരണം പരിപാടിയുടെ ശ്രദ്ധേയ ഇനങ്ങളിലൊന്നായി. ശിങ്കാരിമേളം, പുലികളി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ അരങ്ങേറിയ പ്രൗഢമായ അത്തച്ചമയം വിർജീനിയയിൽ കേരളത്തിലെ ഓണക്കാഴ്ചകളുടെ പ്രതീതി സൃഷ്ടിച്ചു.
മോട്ടോർസൈക്കിളുകളും സ്പോർട്സ് കാറുകളും അണിനിരന്ന ഓണം റാലി ആഘോഷത്തിന് വേറിട്ട ആവേശം പകർന്നു. വാശിയേറിയ വടംവലി മത്സരവും കാണികളെ ആവേശത്തിലാക്കി. വിജയികൾക്ക് ട്രോഫിക്കൊപ്പം കേരളീയ ശൈലിയിൽ പഴക്കുല സമ്മാനിച്ചതും കൗതുകമായി.
പരമ്പരാഗത അത്തപ്പൂക്കള മത്സരത്തിന് വേറിട്ടൊരു രൂപം നൽകി സംഘടിപ്പിച്ച ‘ഉരുളി ഡെക്കർ’ മത്സരവും ഇത്തവണത്തെ പുതുമയായി. പൂക്കളും കേരളീയ അലങ്കാരവസ്തുക്കളും ഉപയോഗിച്ച് മനോഹരമായി ഒരുക്കിയ ഉരുളികൾ ശ്രദ്ധ നേടി. കുരുത്തോല കൊണ്ട് ഒരുക്കിയ പന്തൽ ആഘോഷവേദിക്ക് നാട്ടിൻപുറത്തിന്റെ ഓണച്ചന്തം പകർന്നു.
താരമായി ‘വാഷിങ്ടൺ ഗജരാജൻ’
ഇത്തവണത്തെ ഓണാഘോഷത്തിലെ ഏറ്റവും വലിയ കൗതുകവും ജനശ്രദ്ധ നേടിയ ആകർഷണവും ‘വാഷിങ്ടൺ ഗജരാജൻ’ ആയിരുന്നു. യഥാർഥ ആനയുടെ രൂപഭാവങ്ങൾ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരുക്കിയ കൃത്രിമ ഗജരാജനെ കാണാനും ചിത്രങ്ങളെടുക്കാനും കുട്ടികളും മുതിർന്നവരും ഒരുപോലെ തിരക്കുകൂട്ടി.
ആഘോഷത്തിന്റെ സമാപനത്തിൽ നടന്ന ഡിജെ ആഘോഷത്തിനിടെ ജനക്കൂട്ടത്തിനൊപ്പം ‘വാഷിങ്ടൺ ഗജരാജനും’ നൃത്തച്ചുവടുകളുമായി ചേർന്നതോടെ ആവേശം പാരമ്യത്തിലെത്തി. കേരളത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ ആഘോഷശൈലിയും ഒരേ വേദിയിൽ കോർത്തിണക്കിയ ‘ഓണം വൈബ്സ് 2026’, വാഷിങ്ടൺ മേഖലയിലെ മലയാളികൾക്ക് വേറിട്ട ഓണാനുഭവമായി.
പരിപാടികളുടെ മൊത്തത്തിലുള്ള ഏകോപനം എന്റർടെയ്ൻമെന്റ് ടീം അംഗങ്ങളായ സുജിത് കുമാർ, ശ്രീകാന്ത് ശശീന്ദ്രൻ, അനില വിശ്വംഭരൻ, ദീപ സൂരജ്, ഗ്രീഷ്മ രാജൻ, ബിന്ദു രാജീവ് എന്നിവർ നിർവഹിച്ചു.
Content Highlights: Over 1,000 people attended the Onam Vibes 2026 event organized by KCSMW in Northern Virginia on September 5., Featured traditional Onasadya, Mega Thiruvathira, Mohiniyattam, Pulikali, and a motorcycle/sports car rally., Introduced innovative competitions like 'Uruli Decor' and featured the crowd-favorite artificial elephant 'Washington Gajarajan'.