ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും ഡിസംബര്‍ 17, 18 തീയതികളില്‍

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 17, 18 (ശനി, ഞായര്‍) തീയതികളില്‍ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും ഭജനയും സംഘടിപ്പിക്കുന്നു. ഈയിടെ നവീകരണം നടന്ന എന്‍.ബി.എ.യുടെ ക്വീന്‍സിലെ ബ്രാഡക്ക് അവന്യൂവിലുള്ള ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 മണി മുതല്‍ നടത്തുന്നു.
17-ാം തീയതി ശനിയാഴ്ച രണ്ടു മണിക്ക് ആരംഭിക്കുന്ന നാരായണീയ പാരായണം 5 മണിക്ക് സമാപിക്കും. തുടര്‍ന്ന് എന്‍.ബി.എ മന്ദിരത്തിലേക്ക് സ്വാമി ഉദിത് ചൈതന്യജിയെ വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. താലപ്പൊലി, വാദ്യമേളം, ക്ഷേത്ര കലകള്‍ എന്നിവയുടെ അകമ്പടിയോടെ വേദിയിലെത്തുന്ന സ്വാമിജിയുടെ ആധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കും.
''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന ആശയത്തില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന ഹൈന്ദവര്‍ നേരിടുന്ന ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചയും, ചോദ്യോത്തര വേളയും രണ്ടു ദിവസത്തെയും മുഖ്യപരിപാടിയായിരിക്കും. പ്രഭാഷണത്തിനു ശേഷം ശനിയാഴ്ച മണ്ഡല ഭജനയും, ഞായറാഴ്ച സംഗീത സദസ്സും ഉണ്ടായിരിക്കും. തുടര്‍ന്ന് പ്രസാദ വിതരണം, സദ്യ എന്നിവയോടെ 9 മണിക്ക് പരിപാടികള്‍ സമാപിക്കും.
ഈ മഹാസമ്മേളനത്തിലേക്കും സത്സംഗത്തിലേക്കും ജാതിമത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടക കമ്മിറ്റിക്കു വേണ്ടി എന്‍.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : ജയപ്രകാശ് നായര്‍
Content Highlights: nba