ദേശീയ പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു
യുകെയിലെ ആദ്യകാല വടംവലി ടീം ആയ ലിവര്‍പൂള്‍ ടൈഗേഴ്‌സ് സംഘടിപ്പിച്ച ദേശീയ പഞ്ചഗുസ്തിമത്സരം 2025 മാര്‍ച്ച് 1 ന് ലിവര്‍പൂളില്‍വെച്ച് നടത്തപ്പെട്ടു. മത്സരാര്‍ത്ഥികളുടെ പങ്കാളിത്തംകൊണ്ടും കാണികളുടെ സാന്നിധ്യംകൊണ്ടും വന്‍വിജയമായി മാറിയ കായികമേളയില്‍ 5 വിഭാഗങ്ങളിലായി നൂറോളംപേര്‍ തങ്ങളുടെ കൈക്കരുത്ത് തെളിയിച്ചു. മിഡില്‍ വെയിറ്റ് (55kg -65kg), ലൈറ്റ് മിഡില്‍ വെയിറ്റ് (65kg -75kg), ലൈറ്റ് ഹെവി വെയിറ്റ് (75kg -85kg), ഹെവി വെയിറ്റ് (85kg -95kg), സൂപ്പര്‍ ഹെവി വെയിറ്റ് (95kg ക്ക് മുകളില്‍) എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. കൈക്കരുത്തും മനക്കരുത്തും സമ്മേളിച്ച വേദിയില്‍ സ്ത്രീകളുടെ വാശിയേറിയ മത്സരവും നടന്നു.
ലിവര്‍പൂള്‍ ടൈഗേഴ്സ് വടംവലി ടീം മാനേജര്‍ ഹരികുമാര്‍ ഗോപാലന്റെ അധ്യക്ഷതയില്‍, യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാകുടി ഭദ്രദീപം തെളിയിച്ചു. യുക്മ ദേശീയ ട്രഷറര്‍ ഷീജോ, ലിവര്‍പൂള്‍ ടൈഗേഴ്സ് വടം വലി പുരുഷ-വനിതാ ടീം അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. ഹൈല്‍ഷാംല്‍ നിന്നും തോമസ് ജോസഫ് ലിവര്‍പൂളില്‍ നിന്നുള്ള സണ്ണി സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചത്.
കാറ്റഗറി - 1 ല്‍ മിഡില്‍ വെയിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഫൈസ് മുഹമ്മദ് (ലിവര്‍പൂള്‍) രണ്ടാം സ്ഥാനം ജെറാള്‍ഡ് സാബു (ലിവര്‍പൂള്‍), കാറ്റഗറി -2 ല്‍ ലൈറ്റ് മിഡില്‍ വെയിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം സുനീഷ് കെ(പ്രസ്റ്റണ്‍), രണ്ടാം സ്ഥാനം ലിജോ ജോസ് (ഷെഫീല്‍ഡ്), കാറ്റഗറി- 3 ല്‍ ലൈറ്റ് ഹെവി വെയിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ജിതിന്‍ മാത്യു (ല്യൂട്ടണ്‍) രണ്ടാം സ്ഥാനം ജിന്‍സണ്‍, കാറ്റഗറി -4 ല്‍ ഹെവി വെയിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആന്‍ജോ സെബാസ്റ്റ്യന്‍ (ബ്രിസ്റ്റോള്‍) രണ്ടാം സ്ഥാനം മാത്യു ജോണ്‍ (ല്യൂട്ടണ്‍), കാറ്റഗറി -5 ല്‍ സൂപ്പര്‍ ഹെവി വെയിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം അമല്‍ ടോമി (വോര്‍സെസ്റ്റര്‍),രണ്ടാം സ്ഥാനം സിജോ ജോസഫ് (റെഡ്ഡിങ്), സ്ത്രീകളുടെ വിഭാഗത്തില്‍ ട്വിങ്കിള്‍ ജോര്‍ജ് (ല്യൂട്ടണ്‍) ഒന്നാം സ്ഥാനവും ലൂസി (ലിവര്‍പൂള്‍) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ലുട്ടണില്‍ നിന്നുള്ള ജിതിന്‍ മാത്യുവാണ് ചാമ്പ്യന്മാരുടെ ചാമ്പ്യനായി ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. കാറ്റഗറി 3 ലൈറ്റ് ഹെവി വെയിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലുട്ടണില്‍ നിന്നുള്ള ജിതിന്‍ മാത്യു കേരളത്തിന് വേണ്ടി 2011 മുതല്‍ മത്സരിച്ചിട്ടുള്ള വ്യക്തിയാണ്. കൂടാതെ ദേശീയ മത്സരങ്ങളില്‍ കേരളത്തിന് വേണ്ടി നിരവധി മെഡലുകള്‍ ജിതിന്‍ സ്വന്തമാക്കിയിട്ടുണ്ട്.
വൈകീട്ട് നടന്ന സമാപന ചടങ്ങില്‍ ജേതാക്കളായവര്‍ക്കുള്ള മെഡലും ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. കൂടാതെ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കുമുള്ള മെഡലുകളും നല്‍കി. വൈകീട്ട് 7 മണിയോട് കൂടി മത്സരങ്ങള്‍ അവസാനിച്ചു.
വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ മത്സരങ്ങള്‍ നടത്തുന്നതാണെന്ന് ലിവര്‍പൂള്‍ ടൈഗേഴ്സ് വടംവലി ടീം അറിയിച്ചു. കൂടാതെ കാണികള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഏവര്‍ക്കുമുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Content Highlights: National Arm Wrestling Championship 2025