കാനഡയില്‍ പുതുചരിത്രമെഴുതി മെഗാ തിരുവാതിര

കാനഡയെ കുറച്ചുസമയത്തേക്ക് കേരളമാക്കി മാറ്റി ഇന്ത്യന്‍-കനേഡിയന്‍ യുവതികളുടെ മെഗാതിരുവാതിര. നൂറ്റിപ്പത്ത് യുവതികള്‍ ചുവടുവച്ച മെഗാ തിരുവാതിര വാന്‍കൂവര്‍ ഐലന്‍ഡില്‍ പുതുചരിത്രമായി. വിക്ടോറിയ ഹിന്ദു പരിഷത് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ എന്ന പരിപാടിയുടെ ഭാഗമായാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
കേരളത്തിന്റെ പ്രാദേശിക കലാരൂപത്തില്‍ നിന്നും ഉപരിയായി കനേഡിയന്‍ വംശജരും, ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇത്രയുമധികം ആളുകള്‍ പങ്കെടുക്കുന്ന തിരുവാതിര വാന്‍കൂവറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
നര്‍ത്തകിയായ ജ്യോതി വേണു ആണ് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. ഒരു മാസത്തിലേറെ നീണ്ടു നിന്ന പരിശീലനവും ഏകോപനവുമാണ് ജ്യോതിയുടെ നേതൃത്വത്തില്‍ നടന്നത്. ഐലന്റിലെ വിവിധ സ്ഥലങ്ങളിലായി ടീമുകളായി തിരിഞ്ഞ് ടീം ലീഡുകളുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശീലനം. നനൈമോ, ഡന്‍കന്‍, വാന്‍കൂവര്‍ എന്നിങ്ങനെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു പങ്കെടുത്തവര്‍.
എട്ട് വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നു. മത, ഭാഷാ, പ്രാദേശിക അതിരുകള്‍ക്കെല്ലാം അപ്പുറം ഒത്തുചേരലിന്റെ ആഘോഷമായിരുന്നു മെഗാതിരുവാതിര.
വാര്‍ത്തയും ഫോട്ടോയും : ഷിബു കിഴക്കേകുറ്റ്
Content Highlights: mega thiruvathira