എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപെരുന്നാളിൽ മുഖ്യാതിഥിയായി മലങ്കരസഭാധ്യക്ഷൻ

#ന്യൂസ് ഡെസ്ക്
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപെരുന്നാളിൽ മുഖ്യ അതിഥിയായി മലങ്കരസഭാധ്യക്ഷൻ
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപെരുന്നാളിൽ മുഖ്യ അതിഥിയായി മലങ്കരസഭാധ്യക്ഷൻ

അഡിസ് അബാബ (എത്യോപ്യ): എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയുടെ ചരിത്രപ്രസിദ്ധമായ സ്ലീബാപെരുന്നാളിൽ (മെസ്ക്കൽ ഫെസ്റ്റിവൽ) മുഖ്യ അതിഥിയായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ അബൂനാ മത്ഥ്യാസ് പാത്രിയർക്കീസിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. ഇരുസഭാതലവൻമാരും ചേർന്ന് സ്ലീബാപെരുന്നാളിന്റെ ശുശ്രൂഷകൾക്ക് നേതൃത്വംനൽകി.

ഇന്ത്യയും എത്യോപ്യയും ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും ഇരു സഭകളും തമ്മിൽ ആത്മീയമായി വളരെ അടുപ്പമുണ്ടെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യസന്ദേശത്തിൽ പറഞ്ഞു. ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബത്തിലെ സഹോദരി സഭകളായ എത്യോപ്യൻ-ഇന്ത്യൻ ഓർത്തഡോക്സ് സഭകൾ അപ്പോസ്തോലിക വിശ്വാസത്തിലും പ്രാർഥനയിലും ക്രിസ്തുവിന്റെ ക്രൂശിലും അധിഷ്ഠിതമായ ആത്മീയപൈതൃകം പങ്കിടുന്ന സഭകളാണ്. 1965-ൽ അഡിസ് അബാബയിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ സമ്മേളനം ഇരുസഭകളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലെ മെസ്ക്കൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ, മെത്രാപ്പോലീത്താമാർ, വൈദികർ, സന്യസ്തർ എന്നിവർക്ക് പുറമേ ലക്ഷക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. മലങ്കരസഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്താമാരായ അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, നാഗ്പുർ വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോസി ജേക്കബ്, എക്യൂമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഫാ.ഗീവർഗീസ് ജോൺസൺ, സഭാ വർക്കിങ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, ജോജോ പി ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ആത്മീയ ആരാധനയ്ക്കൊപ്പം എത്യോപ്യയുടെ സാസ്ക്കാരിക തനിമയും വിളിച്ചോതുന്ന സ്ലീബാപെരുന്നാൾ (മെസ്ക്കൽ) യുനെസ്ക്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആഘോഷമാണ്. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായ ഹെലനി രാജ്ഞി യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെത്തിയതിന്റെ ഓർമയാണ് സ്ലീബാ പെരുന്നാളായി ആഘോഷിക്കുന്നത്.

പെരുന്നാളിനെ തുടർന്ന് ബോലെ മെദ്ഹാനയാലേം കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയിലും പരിശുദ്ധ കാതോലിക്കാ ബാവാ സംബന്ധിച്ചു. നാല് ദിവസത്തെ ശ്ലൈഹിക സന്ദർശനത്തിന് പൂർത്തിയാക്കി മലങ്കരസഭാധ്യക്ഷൻ തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങും.
 

Content Highlights: Malankara Metropolitan Baselios Marthoma Mathews III participated as chief guest in the Ethiopian Orthodox Meskel Festival., The visit emphasized spiritual bonds and shared apostolic heritage between the Indian and Ethiopian Orthodox Churches., Millions of believers and government representatives attended the historic event at Meskel Square, Addis Ababa., The 4-day apostolic visit concludes with the Metropolitan returning to India.