അയര്‍ലന്‍ഡ് പൊതുതിരഞ്ഞെടുപ്പ്; അന്തിമ ഫലപ്രഖ്യാപനം ഡിസംബര്‍ 2 ന്

ഡബ്ലിന്‍: അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് ദിവസം പിന്നിട്ടിട്ടും പൂര്‍ണമായി ഫലപ്രഖ്യാപനം നടത്താനായിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ അന്തിമ ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. രാജ്യത്തെ 43 മണ്ഡലങ്ങളില്‍ നിന്ന് 174 ടിഡി (എംപി) മാരെയാണ് തിരഞ്ഞെടുക്കേണ്ടത്. ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണല്‍ ഞായറാഴ്ച വൈകിയും തുടരുകയാണ്.
ആകെ സീറ്റ് 174. ഫലപ്രഖ്യാപനം നടന്നത് 149. കക്ഷി നില - ഫിനാഫാള്‍ (39), സിന്‍ഫെയ്ന്‍ (34) ഫിനാഗേല്‍ (32), സോഷ്യല്‍ ഡെമോക്രാറ്റ്സ് (11), ലേബര്‍ (9), പീപ്പിള്‍ ബി ഫോര്‍ പ്രോഫിറ്റ് -സോളിഡാരിറ്റി (3), ഏന്‍ടു (2), ഗ്രീന്‍ പാര്‍ട്ടി (1), സ്വതന്ത്രര്‍ (14).
ഫിനാഗേല്‍ നേതാവും പ്രധാനമന്ത്രിയുമായ സൈമണ്‍ ഹാരിസ് (വിക്ലോ), ഫിനാഫാള്‍ നേതാവും ഉപപ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ (കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍), സിന്‍ഫെയ്ന്‍ നേതാവ് മേരി ലു മക്ഡോണാള്‍ഡ് (ഡബ്ലിന്‍ സെന്‍ട്രല്‍), ഏന്‍ടു നേതാവ് പെഡാര്‍ ടോബിന്‍ (നാവന്‍), ലേബര്‍ പാര്‍ട്ടി നേതാവ് ഇവാന ബാസിക് (ഡബ്ലിന്‍ ബേ സൗത്ത്), സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതാവ് ഹോളി കെയിന്‍സ് (കോര്‍ക്ക് സൗത്ത് വെസ്റ്റ്), ഫിനഗേല്‍ നേതാവും മന്ത്രിയുമായ ഇമര്‍ ഹിഗിന്‍സ് (ഡബ്ലിന്‍ മിഡ് വെസ്റ്റ്), ഫിനഗേല്‍ നേതാവ് കോം ബ്രോഫി (ഡബ്ലിന്‍ സൗത്ത്), ഫിനാഫാള്‍ നേതാവും ഹൗസിംഗ് മന്ത്രിയുമായ ഡാര ഒ ബ്രയണ്‍ (ഡബ്ലിന്‍ ഫിന്‍ഗല്‍ ഈസ്റ്റ്), സിന്‍ഫെയ്ന്‍ വക്താവ് ലൂയിസി ഒ റിലി (ഡബ്ലിന്‍ ഫിന്‍ഗല്‍ വെസ്റ്റ്) തുടങ്ങിയ പ്രമുഖര്‍ വിജയിച്ചു.
തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. പാര്‍ട്ടിയുടെ മന്ത്രിമാരായ കാതറിന്‍ മാര്‍ട്ടിന്‍, ഓസിയാന്‍ സ്മിത്ത്, സ്റ്റീഫന്‍ ഡൊണേലി, ആനി റാബി തുടങ്ങിയവരെല്ലാം തോറ്റു. പാര്‍ട്ടി നേതാവ് റോഡ്രിക് ഒ ഗോര്‍മാന്‍ ഡബ്ലിന്‍ വെസ്റ്റില്‍ നിന്നും വിജയിച്ചു. കാലാവധി പൂര്‍ത്തിയായ ഡെയ്ലില്‍ 12 ടിഡിമാര്‍ ഗ്രീന്‍ പാര്‍ട്ടിക്കുണ്ടായിരുന്നു.
ഫിനഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അലന്‍ ഫാരെല്‍ (ഡബ്ലിന്‍ ഫിന്‍ഗല്‍ ഈസ്റ്റ്) പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് നേതാവ് ജിനോ കെന്നി (ഡബ്ലിന്‍ മിഡ് വെസ്റ്റ്) ഫിനാഫാള്‍ സ്ഥാനാര്‍ത്ഥിയും ടെലിവിഷന്‍ താരവുമായ ഗ്രെയ്നി സിയോജി (ഗാല്‍വേ വെസ്റ്റ്), ഫിനാഫാള്‍ സ്ഥാനാര്‍ത്ഥിയും മലയാളിയുമായ മഞ്ജു ദേവി (ഡബ്ലിന്‍ ഫിന്‍ഗല്‍ ഈസ്റ്റ്) തുടങ്ങിയവര്‍ പരാജയപ്പെട്ടു.
Content Highlights: Ireland General Election; Final result declaration on 2nd December