ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം

ഫിലാഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയിലെ ആദ്യ മാര്‍ത്തോമാ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാര്‍ത്തോമാ സഭയുടെ ഡോ:എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ജൂബിലി ഉദ്ഘാടനം റവ: ജോസ് ഏബ്രഹാമിന്റെ അനുഗ്രഹീതമായ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
തുടര്‍ന്ന് ഇടവക വികാരി റവ: റ്റിറ്റി യോഹന്നാന്‍, സന്നിഹിതരായിരുന്ന ഏവരേയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. ആരാധനയിലൂടെയും സാക്ഷ്യത്തിലൂടെയും സ്‌നേഹത്തിന്റെ ദൗത്യ വാഹകരാകുന്നതിനോടൊപ്പം പാരമ്പര്യത്തിന്റെ ആഘോഷം മാത്രമല്ല മറിച്ച് പുതുക്കത്തിന്റെയും സമര്‍പ്പണത്തിന്റെയും അനുഭവത്തിലൂടെ ദൈവ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും വാഹകരായിരിപ്പാന്‍ റ്റിറ്റിയച്ചന്‍ തന്റെ സ്വാഗത പ്രസംഗത്തിലൂടെ ഇടവക ജനങ്ങളെ ആഹ്വാനം ചെയ്തു.
കുടുംബദിനവും, ഇടവകദിനവും, സുവര്‍ണ ജൂബിലി പ്രവര്‍ത്തനോദ്ഘാടനവും ഒരുമിച്ച് ആഘോഷിച്ച ചടങ്ങില്‍ ഇടവകയിലെ 75 ഉം അതിനു മുകളിലും പ്രായമുള്ളവരെ ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ തിരുമേനി പൊന്നാടയണിയിച്ചാദരിച്ചു.
ഇടവകയുടെ ജൂബിലി കൊയര്‍ ആലപിച്ച ഗാനങ്ങള്‍ ഇമ്പകരവും ചടങ്ങുകള്‍ക്ക് ഏറെ മാറ്റ് കൂട്ടുന്നതുമായിരുന്നു. സുവര്‍ണ്ണ ജൂബിലിയുടെ ലോഗോ, ഇടവകയുടെ ഡിജിറ്റല്‍ ഫോട്ടോ ഡയറക്ടറിയുടെ പ്രകാശനം എന്നിവയും തിരുമേനി നിര്‍വഹിച്ചു. സുവര്‍ണ ജൂബിലിയുടെ പ്രൊജക്ടുകള്‍ വിശദീകരിക്കുന്ന വീഡിയോ അവതരിപ്പിച്ചു. ഇടവക സെക്രട്ടറി തോമസ് ഏബ്രഹാം(ബിജു) ഏവര്‍ക്കും നന്ദിപ്രകാശനം നിര്‍വഹിച്ചു.
ഫിലാഡല്‍ഫിയ മേഖലയിലെ യൂത്ത് ചാപ്ലയിന്‍ ജെഫ് ജാക് ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെയും ഏബ്രഹാം മാര്‍ പൗലോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെയും ഉദ്ഘാടന ചടങ്ങ് സമംഗളം പര്യവസാനിച്ചു.