സലാലയില് കോഴിക്കോടന് രുചികള് കോര്ത്തിണക്കി ഭക്ഷ്യമേള

സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം രുചിമേള സീസണ് 3 എന്ന പേരില് നടത്തിയ ഭക്ഷ്യമേള രുചികരമായ കോഴിക്കോടന് പലഹാരങ്ങളുടെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഇന്ത്യന് എംബസി കോണ്സുലാര് ഏജന്റ് ഡോ. കെ. സനാതനന് മേള ഉദ്ഘാടനം ചെയ്തു. കെഎസ്കെയുടെ സലാലയിലെ ജീവകാരുണ്യ കലാ സാഹിത്യ സാംസ്കാരിക പ്രവര്ത്തനങ്ങള് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്കെ ജനറല് സെക്രട്ടറി എ.പി. കരുണന്റെ ആമുഖഭാഷണത്തോടെ ആരംഭിച്ച ഉദ്ഘാടന പരിപാടിയില് രുചിമേള കണ്വീനര് ദാസന് എം.കെ. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഫിറോസ് കുറ്റ്യാടി അധ്യക്ഷനായി. രക്ഷാധികാരി ഡോ. ഷാജി പി. ശ്രീധര്, മുഹമ്മദ് റാഫി, രണ്ജിത് സിങ് എന്നിവര് ആശംസകള് നേര്ന്നു. പൂക്കള മത്സരത്തില് പങ്കെടുത്തവര്ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണവും നടന്നു. പ്രജിത്ത് പയ്യോളി നന്ദി പറഞ്ഞു. മധു വടകര, ദീപക് എന്.എസ്., ഹാരിസ് മഷൂര് തങ്ങള് എന്നിവര് പരിപാടികള് നിയന്ത്രിച്ചു.
കെഎസ്കെയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് വേണ്ടിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കല്ലായി, പാളയം, വല്യങ്ങാടി, കുറ്റിച്ചിറ, മാനാഞ്ചിറ, മിഠായിത്തെരുവ് എന്നീ സ്റ്റാളുകളിലായി 200-ല്പരം വിഭവങ്ങളാണ് ഒരുക്കിയത്.
പയ്യോളി ചിക്കന്, മടക്കപ്പത്തിരി, കായ്പ്പോള, ഇറാനിപ്പോള, കുയ്യപ്പം, കുഞ്ഞിപ്പത്തിരി, ഉന്നക്കായ്, പഴംപൊരി ബീഫ് കോംബോ എന്നീ വിഭവങ്ങള്ക്ക് വന് ഡിമാന്റായിരുന്നു.
Content Highlights: food fest in Salala