ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ കൗണ്ട്ഡൗൺ ആരംഭിച്ചു

ഹൂസ്റ്റൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളെ ഒരുമിപ്പിക്കുന്ന ഫോമാ (FOMA) ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിലെ വിൻഡ്ഹാം ഹൂസ്റ്റൺ ഹോട്ടലിൽ നടക്കും. മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നതായി സംഘാടക സമിതി അറിയിച്ചു.
ഫോമയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ വീണ്ടും അരങ്ങേറുന്ന കൺവെൻഷൻ ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ. വിവിധ റീജിയനുകളിലെയും ദേശീയ ഭാരവാഹികളുടെയും സജീവ പങ്കാളിത്തത്തോടെ ഓരോ മൂന്ന് ദിവസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ ചേർന്ന് വിവിധ കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുകയും തുടർ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
ജൂലൈ 2-ന് അപ്ന ബസാറിൽ ചേർന്ന സതേൺ റീജിയൻ പ്രവർത്തകയോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ ഓരോരുത്തരുടെയും കൂട്ടായ പിന്തുണ ആവശ്യപ്പെട്ട് എല്ലാവരെയും സ്വാഗതം ചെയ്തു. ജിജു കുളങ്ങരയാണ് ജനറൽ കൺവീനർ.
യോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി ബന്ധപ്പെട്ട ഭാരവാഹികൾ അവതരിപ്പിച്ചു. രാജൻ യോഹന്നാൻ (സെക്യൂരിറ്റി), ജീമോൻ റാന്നി (പ്രസ് മീറ്റ്), പൊടിയമ്മ പിള്ള (ഉദ്ഘാടന ഘോഷയാത്ര), ജോയ് എൻ. സാമുവൽ (സ്വീകരണ-അതിഥി സത്കാര കമ്മിറ്റി), ജോൺ ഉമ്മൻ (പ്രസാദ്) (ബിസിനസ് മീറ്റ്), ക്രിസ്റ്റഫർ ജോർജ് (രജിസ്‌ട്രേഷൻ) എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (കജഇചഅ) ഹൂസ്റ്റൺ ചാപ്റ്റർ ജൂലൈ 18-ന് 2 മണിക്ക് സംഘടിപ്പിക്കുന്ന പ്രസ് മീറ്റിന് നേതൃത്വം നൽകും. ഓഗസ്റ്റ് 2-ന് നടക്കുന്ന 'ഫോമാ ക്രോസ് ഫയർ' എന്ന പ്രത്യേക സംവാദത്തിൽ അമേരിക്കൻ മലയാളി സംഘടനകളും മാധ്യമ പ്രതിനിധികളും പങ്കെടുക്കും. കൺവെൻഷന്റെ ശ്രദ്ധേയമായ പരിപാടികളിലൊന്നായിരിക്കുമെന്ന് കോർഡിനേറ്റർ ജീമോൻ റാന്നി അറിയിച്ചു.
ഡോ. റെയ്ന റോക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ ഫെയറും ശനിയാഴ്ച നടക്കും. 15 റീജിയനുകളിൽ നിന്നുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച് നടക്കുന്ന ഉദ്ഘാടന ഘോഷയാത്രയ്ക്ക് ദേശീയ ചെയർമാൻ തോമസ് ഒലിയാംകുന്നേൽ നേതൃത്വം നൽകും. ഇതോടനുബന്ധിച്ച് നടക്കുന്ന 56 ഗെയിം ചീട്ടുകളി മത്സരം വിജയികൾക്ക് ക്യാഷ് പ്രൈസുകളും നൽകും.
കൺവെൻഷൻ നാഷണൽ മീഡിയ ചെയർ സൈമൺ വളാച്ചേരിൽ മീഡിയ പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിച്ചു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ടീമിന് ആൻസി ശാമുവേൽ, മെർലിൻ സാജൻ എന്നിവർ നേതൃത്വം നൽകും. ഫോമാ ദേശീയ റീജിയൻ നേതാക്കളായ എസ്. കെ. ചെറിയാൻ, മിഖായേൽ ജോയ് (മിക്കി), തോമസ് ജോർജ് (സഞ്ജു), സാജൻ ജോൺ, ശശി പിള്ള, ഡെന്നിസ് മാത്യു, ഇന്നസെന്റ് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
വാർത്ത അയച്ചത്: ജീമോൻ റാന്നി
Content Highlights: Convention scheduled from July 30 to August 2, 2026, in Houston., Features include a medical fair, opening parade, and the 'FOMA Crossfire' debate., Organized by national and regional FOMA leadership., Includes competitive gaming events with cash prizes.