ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ തോമാശ്ലീഹായുടെ തിരുനാൾ

ഡാളസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോ-മലബാർ ഫൊറോനാ ദേവാലയമായ ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾക്ക് വത്തിക്കാനിലെ പ്രിഫെക്ട് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട് മുഖ്യകാർമ്മികത്വം വഹിച്ചു.

ഡാളസിലെ വിമാനത്താവളത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും സ്വദേശത്തുനിന്നുള്ളവരും സഭാവിശ്വാസികളും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് സ്വീകരിക്കാൻ എത്തിയത്. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ കർദ്ദിനാളിന് പൂച്ചെണ്ട് നൽകി.

ഡാളസ് ഫൊറോനാ ദേവാലയത്തിൽ അദ്ദേഹത്തിന് ഔദ്യോഗികമായി വരവേൽപ്പ് ഒരുക്കി. നൂറുകണക്കിന് ഇടവകാംഗങ്ങളും തിരുനാൾ പ്രസൂദേന്തിമാരും ചേർന്ന് കേരളീയ തനിമയിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് വരവേറ്റത്. ഫൊറോനാ വികാരി ഫാ. സിബി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ, മുൻ വികാരി ഫാ. ജോജി കണിയാംപടി, കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, സെന്റ് അൽഫോൻസാ അസിസ്റ്റന്റ് വികാരിയും, നോർത്ത് ഡാളസ് സെന്റ് മറിയം ത്രേസ്യാ മിഷൻ ഡയറക്ടറുമായ ഫാ. ജിമ്മി എടക്കളത്തൂർ, ഫാ. ജോർജ്ജ് വാണിയപ്പുരയ്ക്കൽ, ഫാ. ജെയ്‌സൺ സേവ്യർ പുന്നോലിക്കുന്നേൽ, വിവിധ സന്യാസിനി സമൂഹങ്ങളിലെ സിസ്റ്റർമാർ, കൈക്കാരന്മാർ എന്നിവർ ചേർന്ന് കർദ്ദിനാളിനെ ദേവാലയത്തിലേക്ക് ആനയിച്ചു.

തുടർന്ന് കർദ്ദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ തിരുനാൾ കുർബാനയും നൊവേനയും നടന്നു. കുർബാനയ്ക്ക് ശേഷം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രൗഢഗംഭീരമായ തിരുനാൾ പ്രദക്ഷിണവും നടന്നു. തിങ്കളാഴ്ച രാവിലെ നടക്കുന്ന കൊടിയിറക്കത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

വാർത്ത അയച്ചത്: മാർട്ടിൻ വിലങ്ങോലിൽ

Content Highlights: Cardinal Mar George Koovakkad served as the chief celebrant for the St. Thomas Feast., The event marked a significant gathering at the first Syro-Malabar Forane Church outside India., The celebration included a traditional Kerala-style welcome, solemn Holy Mass, and a religious procession., The festivities conclude with the flag-lowering ceremony on Monday morning.