ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷ സമാപനവും നവരാത്രി ആഘോഷവും സംഘടിപ്പിച്ചു

മനാമ: കഴിഞ്ഞ ഒന്നരമാസക്കാലത്തോളം ബഹ്‌റൈന്‍ പ്രവാസി മലയാളികളുടെവൈവിധ്യമേറിയ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുക്കൊണ്ടും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിയായി കേരള ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയുമായ ഡോ:ദിവ്യ എസ് അയ്യര്‍, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ് ശബരിനാഥ്, മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളം മറന്നുപോയ പല കലാരൂപങ്ങളെയും ആഘോഷ രീതികളെയും ബഹ്റൈന്‍ കേരളീയ സമാജം ഭംഗിയായി പുനരാവിഷ്‌കരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആഘോഷങ്ങളിലൂടെ വ്യക്തികളും സമൂഹവും മുന്നോട്ടുള്ള പുതിയ ഊര്‍ജ്ജം സ്വീകരിക്കുകയാണെന്ന് ഡോ:ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

മറുനാട്ടിലെ ഏറ്റവും സുരക്ഷിതവും കുടുംബാന്തരീക്ഷവും ഉള്ള പ്രസ്ഥാനമായി തനിക്ക് ബഹ്‌റൈന്‍ കേരള സമാജത്തെ എക്കാലവും അനുഭവപ്പെട്ടതായും ബഹ്‌റൈന്‍ കേരളീയ സമാജം ചെയ്യുന്ന പല സേവനങ്ങളെ അടുത്തുനിന്ന് വീക്ഷിക്കാന്‍ സാധിച്ചതായും മുന്‍ എംഎല്‍എ കെ എസ് ശബരിനാഥ് അഭിപ്രായപ്പെട്ടു.

വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും സംഗീതാസ്വാദകരായ കാണികളാലും സമ്പന്നമായ നവരാത്രി ആഘോഷങ്ങളില്‍ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് ബികെഎസ് കലാകേന്ദ്ര ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും വിദ്യാധരന്‍ മാസ്റ്ററുടെ പാട്ടുകള്‍ അതിന്റെ മൗലികമായ സവിശേഷതകള്‍ കൊണ്ട് എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങള്‍ ആയി തുടരുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പി വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

കലയും സംഗീതവും മനുഷ്യരെ ഒരുമിപ്പിക്കുന്നുവെന്നും ബഹ്‌റൈന്‍ കേരള സമാജത്തിന്റെ ഈ അവാര്‍ഡ് വളരെ പ്രിയപ്പെട്ടതാണെന്നും വിദ്യാധരന്‍ മാസ്റ്റര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം പറഞ്ഞു. ബഹ്‌റൈനിലെ പ്രമുഖ കലാപരിശീലന കേന്ദ്രമായ കലാകേന്ദ്രയുടെ ഡയറക്ടര്‍ സില്‍ഷ റിലിഷ്, ശ്രാവണം ഓണാഘോഷങ്ങളുടെ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

അവാര്‍ഡ്ദാന ചടങ്ങുകള്‍ക്ക് ശേഷം വിദ്യാധരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനമേളയും ഉണ്ടായിരുന്നു.

Content Highlights: Bahrain Keraleeya Samajam