ചെന്നൈയിൽ യു.എസ്. ദേശീയ ദിനാഘോഷം: ബഹിരാകാശ പങ്കാളിത്തത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അംബാസഡർ

ചെന്നൈ: ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ വ്യാഴാഴ്ച ആതിഥേയത്വം വഹിച്ച 248-ാം യു.എസ്. ദേശീയ ദിനാഘോഷത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന യു.എസ്- ഇന്ത്യ പങ്കാളിത്തത്തെ പുകഴ്ത്തി ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ബഹിരാകാശ പര്യവേക്ഷണം, സ്റ്റെം (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമറ്റിക്‌സ്) മേഖലകളിലെ ഉഭയകക്ഷി സഹകരണം പ്രത്യേകം എടുത്ത് പറഞ്ഞാണ് അംബാസഡര്‍ ഗാര്‍സെറ്റി അമേരിക്കന്‍ ദേശീയ ദിനാഘോഷത്തില്‍ സംസാരിച്ചത്. യു.എസില്‍ 'ഫോര്‍ത്ത് ഓഫ് ജൂലായ്' എന്ന പേരിലും അറിയപ്പെടുന്ന അമേരിക്കന്‍ ദേശീയ ദിനം 1776 ജൂലായ് നാലിന് അമേരിക്കയില്‍ നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്നു.
ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്റ്റെം വിദ്യാഭ്യാസത്തിലും അമേരിക്കയും ഇന്ത്യയും സഹകരിച്ച് നടപ്പാക്കുന്ന ഉദ്യമങ്ങളെ ഉയര്‍ത്തിക്കാട്ടിയ അംബാസഡര്‍ ഗാര്‍സെറ്റി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന് അടിവരയിട്ടു. ഈ സംരംഭങ്ങള്‍, പ്രത്യേകിച്ച് നൈസാര്‍ (നാസ-ഇസ്രോ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍) ദൗത്യത്തിലെ യു.എസ്.- ഇന്ത്യ ബഹിരാകാശ സഹകരണവും യു.എസ്. റോക്കറ്റില്‍ ഒരു ഇന്ത്യക്കാരനെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനുള്ള തീരുമാനവും, മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ദക്ഷിണേന്ത്യയുടെ നിര്‍ണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
'ബഹിരാകാശം ചിലത് നമ്മില്‍ നിന്ന് എടുക്കുന്നു, ചിലത് നാമാരാണോ അതിനോട് കൂട്ടിച്ചേര്‍ക്കുന്നു. നമ്മുടെ പരിമിതമായ സാധ്യതകളെ എടുത്ത് മാറ്റി അതിര്‍ത്തികളും സമുദ്രങ്ങളും കടന്ന് നമ്മെ ബന്ധിപ്പിക്കുന്നു. ഇതേ ബഹിരാകാശം ഇവിടെ ഇന്‍ഡോ- പസിഫിക് മേഖലയില്‍ ഒരു സവിശേഷ ബന്ധം പടുത്തുയര്‍ത്തുന്നു; അതേസമയം അതിനേക്കാള്‍ വലിയ തോതില്‍ നമ്മെ ഉയര്‍ത്തി ഒരൊറ്റ മനുഷ്യകുടുംബമാക്കി ഒരുമിപ്പിക്കുന്നു,' അംബാസഡര്‍ ഗാര്‍സെറ്റി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യാമൊഴി പങ്കെടുത്തു. 'ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയം ആശയവിനിമയത്തിനും പരസ്പര സഹകരണത്തിനും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കുന്നു. ആഗോളതലത്തിലുള്ള വീക്ഷണങ്ങളും ഗവേഷണവും അവലംബിക്കുന്ന മികച്ച സംവിധാനങ്ങളും സംയോജിപ്പിച്ച് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ അമേരിക്കന്‍ കോണ്‍സുലേറ്റുമായുള്ള സഹകരണം സഹായിക്കുന്നു. അമേരിക്കന്‍ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുന്ന ഈ അവസരത്തില്‍ തമിഴ്നാടും യു.എസും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്താനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ഊട്ടിയുറപ്പിക്കാം. അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ വൈദഗ്ധ്യവും വിവിധ വിഭവങ്ങളും ഉപയോഗപ്പെടുത്തി ഈ പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ ഉള്‍ക്കൊണ്ട് നമ്മുടെ യുവതയുടെയും സമൂഹത്തിന്റെയും അഭിവൃദ്ധി നിറഞ്ഞ ഭാവിക്കായി പ്രവര്‍ത്തിക്കുന്നത് തുടരാം', അദ്ദേഹം പറഞ്ഞു.
Content Highlights: Ambassador Garcetti Presides Over U.S. National Day Ceremony