യു.എ.ഇ. യുടെ ചരിത്രനേട്ടം: എണ്ണയിതര വിദേശ വ്യാപാരം 1.937 ട്രില്യൺ ദിർഹത്തിലേക്ക്

#ന്യൂസ് ഡെസ്ക്
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം | Photo: മാതൃഭൂമി
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം | Photo: മാതൃഭൂമി

ദുബായ്: ഈ വർഷം ആദ്യ പകുതിയിൽ യു.എ.ഇയുടെ എണ്ണയിതര വിദേശ വ്യാപാരം ചരിത്രനേട്ടമായ 1.937 ട്രില്യൺ ദിർഹത്തിലെത്തിയതായി റിപ്പോർട്ട്. ഈ കാലയളവിൽ എണ്ണയിതര കയറ്റുമതി റെക്കോഡ് തുകയായ 452.8 ബില്യൺ ദിർഹമായി (കഴിഞ്ഞ വർഷത്തേക്കാൾ 23.9 ശതമാനം) വർധിച്ചു.

കഴിഞ്ഞവർഷം ഇതേ കാലയളവിൽ എണ്ണയിതര വിദേശ വ്യാപാരം 1.728 ട്രില്യൺ ദിർഹമായിരുന്നു. രാജ്യത്തിന്റെ മൊത്തം വിദേശ വ്യാപാരത്തിൽ എണ്ണയിതര കയറ്റുമതിയുടെ സംഭാവന 21.3 ശതമാനത്തിൽനിന്ന് 23.4 ശതമാനമായി ഉയർന്നു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഉൾപ്പെട്ട രാജ്യങ്ങളുമായുള്ള വ്യാപാരം ആദ്യ ആറു മാസത്തിൽ 304.3 ബില്യൺ ദിർഹത്തിലെത്തി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ചരിത്രപരമായ നേട്ടം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

മുൻവർഷത്തെ അപേക്ഷിച്ച് 13.1 ശതമാനം വളർച്ചയാണ് എണ്ണയിതര വ്യാപാരത്തിൽ ഉണ്ടായിരിക്കുന്നത്. ഈ കണക്കുകൾ വെറുമൊരു സാമ്പത്തിക ഡേറ്റയല്ലെന്നും, യു.എ.ഇ.യുടെ സാമ്പത്തിക കരുത്തിന്റെയും വികസന നയങ്ങളുടെ ഫലപ്രാപ്തിയുടെയും ആഗോളതലത്തിൽ യു.എ.ഇ.യിലുള്ള വിശ്വാസത്തിന്റെയും തെളിവാണെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ പോസ്റ്റിൽ കുറിച്ചു.

തുടർച്ചയായ വളർച്ചയിലൂടെ യു.എ.ഇ.യുടെ സാമ്പത്തിക സ്ഥിരതയും ലോക വിപണിയിലെ സ്ഥാനവും കൂടുതൽ ശക്തമാവുകയാണ്.

Content Highlights: UAE non-oil foreign trade reached AED 1.937 trillion in H1 2026., Non-oil exports surged by 23.9% to reach AED 452.8 billion., Trade with CEPA partner countries hit AED 304.3 billion., Overall non-oil trade grew by 13.1% compared to the previous year., The growth reflects UAE's economic stability and global market confidence.