സുന്ദരം, സുരക്ഷിതം യു.എ.ഇ.യിലെ വെടിക്കെട്ട്; ബുർജ് ഖലീഫയുടെ ചില്ലുചുമരുകളിൽനിന്നുപോലും വർണക്കാഴ്ചകൾ

അബൂദാബി: കേരളത്തിലും തമിഴ്നാട്ടിലും ഒട്ടേറെ ജീവനുകൾ നഷ്ടമാവുമ്പോൾ, കരിമരുന്ന് പ്രയോഗത്തിൽ ലോക റെക്കോഡ് സൃഷ്ടിക്കുന്ന യു.എ.ഇ. മാതൃകയാകുന്നു. ലോകത്തെ ഏറ്റവുംവലിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ ചില്ലുചുമരുകളിൽനിന്നുപോലും വർണക്കാഴ്ചകൾ വിരിയിക്കുന്ന വെടിക്കെട്ടാണ് യു.എ.ഇ.യിൽ നടക്കുന്നത്. ഇവിടെ പുതുവർഷരാവുകളെ മനോഹമാക്കുന്നതിൽ പ്രധാനപങ്ക് വെടിക്കെട്ടിനാണ്. മറ്റ് ആറ് എമിറേറ്റുകളിലും പുതുവർഷ രാവിലും ദേശീയദിനത്തിലും വലിയതോതിൽ വെടിക്കെട്ടുണ്ടാകും.
മരുന്ന് നിറച്ച ചെറുഗോളങ്ങളും സിലിണ്ടറുകളും തന്നെയാണ് ഇവിടുത്തെ വെടിക്കെട്ട് സ്ഥലത്തും പ്രത്യക്ഷത്തിൽ കാണാനാകുക. ഇതിന്റെ പുറംഭാഗം കടലാസും പശയും കൊണ്ടുതന്നെയാണ് നിർമിക്കുക. ഏറ്റവുമകത്ത് ബ്ലാക്ക് പൗഡർ എന്നറിയപ്പെടുന്ന മരുന്ന് മിശ്രിതമായിരിക്കും. പൊട്ടാസ്യം നൈട്രേറ്റും സൾഫറും ചാർക്കോളും ചേർന്നതാണ്. ഇവ മൂന്നിന്റെയും ധർമങ്ങൾ കൃത്യമായി നിറവേറ്റപ്പെടുമ്പോഴാണ് മിഴിവാർന്ന കാഴ്ചയൊരുങ്ങുന്നത്. മരുന്ന് കത്താനുള്ള ഓക്സിജൻ പൊട്ടാസ്യം നൈട്രേറ്റ് നൽകുമ്പോൾ ചാർക്കോൾ ഇന്ധനമായി വർത്തിക്കുന്നു.
സൾഫർ അതിന്റെ ജ്വലനശേഷിയെ ഉയർത്തുന്നു. ചുവപ്പ് നിറത്തിനായി സ്‌ട്രോൺഷ്യവും പച്ചയ്ക്ക് ബേറിയവും നീലയ്ക്ക് കോപ്പറും മഞ്ഞയ്ക്ക് സോഡിയവും ഉപയോഗിക്കും. ഇവയുടെ കൃത്യമായ ക്രമീകരണമാണ് ദുബായിലെ വെടിക്കെട്ടിന്റെ ജീവൻ. ഹൃദയത്തിന്റെയും ചിരിയുടെയും ഈന്തപ്പനയുടെയും പൂക്കളുടെയുമെല്ലാം മാതൃകയിൽ പൊട്ടിവിടരുന്നത് ക്രമീകരിക്കാൻ ഈ മേഖലയിൽ വൈദഗ്ധ്യം നേടിയ സംഘമുണ്ട്. മനുഷ്യർതന്നെ തീകൊളുത്തി വെടിപൊട്ടിക്കലല്ല യു.എ.ഇ.യിൽ ചെയ്യുന്നത്. അതിനായി പ്രത്യേക കമ്പ്യൂട്ടർ നിയന്ത്രിത സംവിധാനമാണുള്ളത്.
പ്രത്യേക സോഫ്റ്റ്‌വേറുകൾ അതിനായി സജ്ജീകരിച്ചിട്ടുണ്ട്. അപകടസാധ്യത മനസ്സിലാക്കി വെടിക്കെട്ട് സ്വയമേവ നിർത്താനുള്ള സജ്ജീകരണവുമുണ്ട്. അഗ്നിരക്ഷാ സംവിധാനവും ഇതിലുണ്ടെന്നതാണ് സവിശേഷത. വെടിക്കോപ്പുകൾ പ്രത്യേകം തയ്യാറാക്കിയ ലോഞ്ച് ട്യൂബുകളിൽ സജ്ജമാക്കും. അത് കെട്ടിടത്തിന്റെ ചുവരുകളിലും മറ്റും സ്ഥാപിക്കും.
വൈദ്യുതിയുപയോഗിച്ച് അതിനെ നിയന്ത്രിതമായരീതിയിൽ കത്തിക്കുകയും ചെയ്യും. അതിനൊപ്പം സംഗീതശകലങ്ങളും ചേരുമ്പോൾ കാതടപ്പിക്കുന്ന ശബ്ദത്തിന്റെ അലോസരമില്ലാതെ ആളുകൾക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുന്നു. വെടിക്കെട്ട് ആസ്വദിക്കാനായി ആളുകൾ നിൽക്കുന്ന സ്ഥലവും കാറ്റിന്റെ ഗതിയുമെല്ലാം മുൻകൂട്ടി മനസ്സിലാക്കിയാകും പ്രവർത്തനം. പൊതുജനങ്ങൾക്ക് സ്വയമേവ വാങ്ങി പ്രയോഗിക്കാവുന്നവയല്ല യു.എ.ഇ.യിലെ ഇത്തരം പടക്കങ്ങൾ. പരിശീലനം സിദ്ധിച്ച, ലൈസൻസുള്ള പൈറോടെക്‌നിക് എൻജിനിയർമാർക്ക് മാത്രമാണ് ഇതിന് അനുമതിയുള്ളത്. നിയമലംഘനം കനത്തശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
Content Highlights: Computer-controlled systems replace manual ignition for maximum safety., Specialized pyrotechnic software manages timing, patterns, and emergency shutdowns., Strict licensing laws restrict firework usage to certified engineers only., Integrated fire safety systems ensure displays are conducted safely near high-rise buildings., Chemical composition (Strontium, Barium, Copper) creates precise colors and patterns.