എല്ലാവരും ഉറക്കത്തിൽ, ഡീസൽ ടാങ്കറിലിടിച്ച് ബസ് തീഗോളമായി; കത്തിയമർന്നത് 42 പേർ, രക്ഷപ്പെട്ടത് ഒരാൾ മാത്രം

ദുബായ്: അതിദാരുണമായി അപകടമാണ് സൗദി അറേബ്യയിൽ ഉണ്ടായത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. 42 പേരാണ് മരിച്ചത്. ഇവരിൽ 16 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം.
മല്ലെപ്പള്ളിയിലെ ബസാർഗഢിൽനിന്നുള്ള 16 പേരെ തിരിച്ചറിഞ്ഞതായി തെലങ്കാന ഐടി വകുപ്പ് മന്ത്രി ഡി. ശ്രീധർ ബാബു പറഞ്ഞു. മറ്റുവിവരങ്ങൾ പരിശോധിച്ചുവരികയാണ്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമായിരുന്നു. ഹൈദരാബാദിൽനിന്നുള്ള തീർത്ഥാടക സംഘമായിരുന്നു ഇവർ. അപകടത്തിൽനിന്ന് ഒരാൾ മാത്രം രക്ഷപ്പെട്ടതായാണ് വിവരം.
നവംബർ ഒമ്പതിനായിരുന്നു മദീന ലക്ഷ്യംവെച്ച് സംഘം യാത്രതിരിച്ചത്. ട്രാവൽ ഏജൻസി മുഖേനയായിരുന്നു യാത്ര. ബസിൽ ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് ഉണ്ടായിരുന്നത്. ഇവർ ഉംറ നിർവഹിച്ച് തിരിച്ച് വരുംവഴി ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഇന്ത്യൻ സമയം രാത്രി 1.30 ഓടെയായിരുന്നു ബസിന് തീപ്പിടിച്ചത്. യാത്രാ ക്ഷീണത്താൽ എല്ലാവരും ഉറങ്ങിയിരുന്നതിനാൽത്തന്നെ യാത്രക്കാർ രക്ഷപ്പെടാനുള്ള സാധ്യത കുറവായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ടാങ്കറുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ബസ് കത്തിയമരുകയായിരുന്നുവെന്നാണ് വിവരം.
ഡീസൽ കൊണ്ടുപോകുന്ന ടാങ്കറിൽ ബസ് ചെന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ബസ് കത്തിയമർന്നു. 20 സ്ത്രീകളും 11 കുട്ടികളും സംഘത്തിൽ ഉണ്ടായിരുന്നു. പല മൃതദേഹങ്ങളും ഇനി തിരിച്ചറിയേണ്ടതുണ്ട്. നിലവിൽ മദീനയിലെ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. മദീനയിൽ തന്നെ മൃതദേഹം സംസ്കരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. രക്ഷപ്പെട്ടയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുടുംബങ്ങൾക്ക് ബന്ധപ്പെടാൻ തെലങ്കാന സർക്കാർ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിതരുടെ കുടുംബത്തിന് 79979-59754/ 99129-19545 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സർക്കാർ അറിയിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൺ റൂം സജ്ജമാക്കിയിട്ടുണ്ട്. 8002440003, 0122614093, 0126614276, 0556122301 എന്ന ടോൾഫ്കീ നമ്പറിൽ ദുരിതബാധിതരുടെ കുടുംബാങ്ങൾക്ക് ബന്ധപ്പെടാം.
അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി അനുശോചിച്ചു. അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവിനും ഡിജിപി ശിവ്ധർ റെഡ്ഡിക്കും മുഖ്യമന്ത്രി നിർദേശം നൽകി. റിയാദിലെ ഇന്ത്യൻ എംബസിയുമായി സംസാരിച്ച് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതായി തെലങ്കാന സർക്കാർ അറിയിച്ചു.
റിയാദിലുള്ള ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ടുവെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതായും ഒവൈസി പറഞ്ഞു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനും മറ്റുമായി കേന്ദ്ര സർക്കാരിനോട് സഹായം ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Saudi Arabia Bus Tragedy: 42 Pilgrims Perish in Devastating Collision and Fire