റിയാദിലെ ഹൂതി ആക്രമണം; കൊല്ലപ്പെട്ട ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി, രണ്ട് മക്കളുടെ നില ഗുരുതരം

#സ്വന്തം ലേഖകൻ

റിയാദ്: റിയാദ് വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ ഹൈദരബാദ് സ്വദേശിയെന്ന് വിവരം. ഹൈദരാബാദ് സ്വദേശിയായ അലി യൂസുഫ് ആണ് മരിച്ചത്. ആക്രണത്തിൽ അലി യൂസഫിന്റെ ഭാര്യക്കും മൂന്ന് മക്കൾക്കും പരിക്കേറ്റു. ഉംറ തീർഥാടനത്തിന് വിമാനത്താവളത്തിലെത്തിയതായിരുന്നു കുടുംബം. പരിക്കേറ്റ രണ്ട് മക്കളുടെ നില ഗുരുതരമാണ്. 

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ശനിയാഴ്ചയാണ് ഹൂതി ആക്രമണമുണ്ടായത്. മക്കയും മദീനയും സന്ദർശിക്കാനെത്തിയവർ, ഉംറ തീർഥാടകർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ അനുകൂല ഹൂതികൾക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണത്തിന് ഹൂതികളെയാണ് ഉത്തരവാദികളാക്കിയത്. സംഭവത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്നും സഖ്യസേന മുന്നറിയിപ്പ് നൽകി.

കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. അമേരിക്ക, ജോർദാൻ, ഫലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരും കൊല്ലപ്പെട്ടവരിലുണ്ട്. മക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നിരവധി തീർഥാടകർ വിമാനത്താവളത്തിൽ വിമാനം കയറുന്നതിനായി കാത്തുനിൽക്കുന്നതിനിടെ ആക്രമണത്തിൽ പരിക്കേറ്റതായി രണ്ട് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: A Hyderabad native named Ali Yusuf was killed in a Houthi attack at Riyadh Airport., The family was at the airport for an Umrah pilgrimage., Ali Yusuf's wife and three children sustained injuries in the attack.,