കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ (55) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 63 ആയി ഉയർന്നു. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ. യുഎസ് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് ഇറാൻ കുവൈത്തിനും ബഹ്‌റൈനുംനേരെ ആക്രമണങ്ങൾ നടത്തിയത്.
ആക്രമണത്തെത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. സർവീസുകൾ തടസ്സപ്പെട്ടതോടെ വിവിധ വിമാനങ്ങൾ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട്ട് നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 393) യാത്രയ്ക്കിടെ പകുതി വഴിയിൽ വെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു. സംഘർഷം ആരംഭിച്ച ശേഷം കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ആദ്യ വിമാനമായിരുന്നു ഇത്.
സുരക്ഷാ സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. നിലവിൽ എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. കുവൈത്തിലേക്ക് ഇറാൻ 13 മിസൈലുകളും 17 ഡ്രോണുകളും തൊടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: One person killed and 56 injured in a missile attack on Kuwait International Airport. Flights suspended and diverted.