‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല’; സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗിന്റെ പ്രവാസി സംഘടന

ദുബായ്: സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളുമായി മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി. പ്രവാസി വിഷയങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് കെ.എം.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രവാസികളുടെ പെൻഷൻ വിതരണം മുടങ്ങിയതിനെ നീതീകരിക്കാനാകില്ലെന്നും നോർക്ക മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധനയിൽ സർക്കാർ പരിഹാരം കാണണമെന്നും പുത്തൂർ റഹ്മാൻ ആവശ്യപ്പെട്ടു.
യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി ആറുമാസമായിട്ടും നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ നിയമനമടക്കമുള്ള പ്രവാസി വിഷയങ്ങളിൽ സർക്കാർ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് പ്രവാസി പെൻഷൻ മുടങ്ങിയതും നോർക്ക കെയർ ഇൻഷുറൻസ് പദ്ധയുടെ പ്രീമിയം പലമടങ്ങ് കൂട്ടിയതും. ഇതിലെല്ലാമുള്ള പ്രതിഷേധമാണ് മുസ്ലിംലീഗിന്റെ പ്രവാസി സംഘടയായ കെ.എം.സി.സി. തുറന്നുപറയുന്നത്.
പ്രവാസി പെൻഷൻ പദ്ധതിയുടെ പ്രീമിയം വർധനയിൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ്, ഒ.ഐ.സി.സി. തുടങ്ങിയ സംഘടനകൾക്കും പ്രതിഷേധമുണ്ട്. പ്രവാസികളെ തഴഞ്ഞുകൊണ്ടല്ല, ഇൻഷുറൻസ് കമ്പനിയുടെ നഷ്ടം നികത്തേണ്ടതെന്ന രൂക്ഷമായ പ്രതികരണമാണ് കെ.എം.സി.സി.ക്കുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ലീഗിന്റെ സ്ഥാനാർഥിയാക്കാൻ പരിഗണിച്ചിരുന്ന നേതാവാണ് പുത്തൂർ റഹ്മാൻ. പാണക്കാട് കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധമുള്ള നേതാവുമാണ്. 40-ലധികം രാജ്യങ്ങളിലെ കെ.എം.സി.സി. പ്രവർത്തകരുടെ പ്രതിഷേധം മനസ്സിലാക്കിയാണ് സർക്കാരിനെതിരായ പുത്തൂർ റഹ്മാന്റെ രൂക്ഷവിമർശനം.