കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം: രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇറാന്റെ ഡ്രോണാക്രമണം. ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്ത് പൗരനും ഒരു പാകിസ്താൻ പൗരനും പരിക്കേറ്റു. ഇവർക്ക് പരിക്കുപറ്റിയത് ഡ്രോൺ അവശിഷ്ടങ്ങൾ വീണാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസയും റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാല് പേർക്ക് പരിക്കേറ്റതായാണ് കുവൈത്ത് പ്രതിരോധ മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്. പരിക്കേറ്റവരിൽ രണ്ട് ഇറ്റാലിയൻ പൗരന്മാരും ഒരു കുവൈത്ത് പൗരനും ഒരു പാകിസ്താൻ പൗരമാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് രണ്ട് ഇറ്റലിക്കാർ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരന്മാർ ജർമൻ പ്രതിരോധ വ്യവസായ കമ്പനിയായ റൈൻമെറ്റലിൽ ജോലിചെയ്തിരുന്നവരാണെന്നാണ് ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. അതേസമയം, കുവൈത്ത് വ്യോമാതിർത്തിക്കുള്ളിൽ കടന്ന നിരവധി ശത്രു ഡ്രോണുകൾ സൈന്യം കണ്ടെത്തി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് സ്റ്റാഫ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്വാൻ അറിയിച്ചു.
Content Highlights: Two Italian nationals were killed in an Iranian attack in Kuwait., Four people were injured, including Kuwaiti and Pakistani nationals.