യാത്രക്കാരെ വട്ടംകറക്കി ഇൻഡിഗോ; അബുദാബി-കണ്ണൂർ വിമാനം പുറപ്പെട്ടത് നാലു മണിക്കൂറോളം വൈകി

അബുദാബി: അബുദാബിയിൽനിന്നും കണ്ണൂരിലേയ്ക്കുള്ള യാത്രക്കാരെ വട്ടംകറക്കി ഇൻഡിഗോ എയർലൈൻസ്. നാലു മണിക്കൂറോളം വൈകിയാണ് അബുദാബി-കണ്ണൂർ വിമാനം പുറപ്പെട്ടത്. വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ അറിയിപ്പ് നൽകിയിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ടതായിരുന്നു ഇൻഡിഗോയുടെ 6E 1434 വിമാനം. ഇതനുസരിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ സാങ്കേതിക തരാറുണ്ടെന്നും വിമാനം വൈകുമെന്നും അപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു.
സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 150-ൽ അധികം യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. സാങ്കേതിക തകരാർമൂലം കണ്ണൂരിൽനിന്നും അബുദാബിയിലേക്ക് വരേണ്ടിയിരുന്ന വിമാനം വൈകിയതാണ് മടക്കയാത്രയും വൈകാൻ കാരണം. കണ്ണൂരിൽനിന്നും അബുദാബിയിലേക്ക് വരേണ്ടിയിരുന്ന ചിലർ വിമാനം വൈകുന്നതിനെ കുറിച്ച് അബുദാബിയിലുള്ള സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ഇൻഡിഗോ അധികൃതരുടെ ഭാഗത്തുനിന്നും വിവരം ലഭിച്ചില്ലെന്നും വെബ്‌സൈറ്റിലെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് നോക്കിയാണ് കാര്യങ്ങൾ മനസ്സിലാക്കിയതെന്നും യാത്രക്കാർ പറഞ്ഞു. നാലു മണിക്കൂറോളം വൈകി, വൈകിട്ട് 5.10-ഓടെയാണ് ഒടുവിൽ വിമാനം കണ്ണൂരിലേയ്ക്ക് പുറപ്പെട്ടത്.
Content Highlights: Passengers stranded as IndiGo Abu Dhabi to Kannur flight departs over 4 hours late. Lack of communication from airline causes distress. Learn more about the flight delay.