ഓൺലൈൻ ഗാർഹിക റിക്രൂട്ട്‌മെന്റ്:തട്ടിപ്പിലൂടെ വീട്ടമ്മക്ക് നഷ്ടമായത് 10,000 ദിർഹം; ജാഗ്രത വേണം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: ഓൺലൈൻ വഴി ഗാർഹിക തൊഴൽമേഖലകളിൽ നടക്കുന്ന റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. അനധികൃതമായി പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനമാണെന്ന് അറിയാതെ വീട്ടുജോലിക്കാരിയുടെ സേവനം ആവശ്യപ്പെട്ട വീട്ടമ്മയ്ക്ക് ദുബായിൽ 10,000 ദിർഹം നഷ്ടപ്പെട്ട സംഭവത്തെതുടർന്നാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമാണ് അനധികൃത സ്ഥാപനങ്ങൾ പരസ്യം പ്രചരിപ്പിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള കാംപെയ്‌ന്റെ ഭാഗമായാണ് പോലീസിന്റെ മുന്നറിയിപ്പ്. കുടുംബങ്ങളുമായി ആശയവിനിമയം നടത്തിയാണ് ഗാർഹിക തൊഴിൽ തട്ടിപ്പുകളേറെയും നടക്കുന്നതെന്ന് ക്രിമിനൽ പ്രിവൻഷൻ ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ അബ്ദുല്ല ഖൽഫാൻ അൽ മൻസൂരി വിശദീകരിച്ചു. തുടക്കത്തിൽ ചെറിയ തുകയും പിന്നീട് ഘട്ടംഘട്ടമായും പണം വാങ്ങി വീട്ടമ്മയെ കബളിപ്പിച്ചശേഷം സംഘം മുങ്ങുകയായിരുന്നു. ഒന്നിച്ച് ആവശ്യപ്പെടാതെ ഘട്ടംഘട്ടമായി പണം വാങ്ങി വിശ്വാസം നേടിയെടുത്തശേഷം തട്ടിപ്പുനടത്തുന്നതാണ് ഇത്തരം വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ രീതിയെന്നും അൽ മൻസൂരി ഓർമ്മിപ്പിച്ചു.

സർക്കാർ അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകളുമായി മാത്രം ഇടപെടാൻ ശ്രദ്ധിക്കണമെന്ന് ദുബായ് പോലീസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളോട് പ്രതികരിക്കുകയോ അപരിചിതർക്ക് പണം കൈമാറുകയോ ചെയ്യരുത്. സ്ഥാപനത്തിന്റെ ലൈസൻസ്, മറ്റു ഔദ്യോഗിക വിവരങ്ങൾ, കൃത്യമായ ആശയവിനിമയം എന്നിവ മുഖേനമാത്രം പണം കൈമാറണം. ഇത്തരത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സംശയം തോന്നിയാൽ ദുബായ് പോലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ പോലീസിന്റെ എഐ ആപ്പുവഴി വിവരം നൽകണം. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും ജനങ്ങളെ തട്ടിപ്പിൽനിന്നും സംരക്ഷിക്കുന്നതിനും കർശന ഇടപെടൽ നടത്തുമെന്ന് ദുബായ് പോലീസ് പറഞ്ഞു.