സൗദി റെഡ് സീ റിസോർട്ടിൽ ആഡംബര വീട് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

#ജാഫറലി പാലക്കോട്
ക്രിസ്റ്റ്യാനോ റൊണാൾഡോ | Photo: Getty Images
ക്രിസ്റ്റ്യാനോ റൊണാൾഡോ | Photo: Getty Images

റെഡ് സീ: പ്രശസ്ത പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജീവിത പങ്കാളി ജോർജിന റോഡ്രിഗസും റെഡ് സീ ഇന്റർനാഷണലിനുള്ളിലെ റിറ്റ്‌സ്-കാൾട്ടൺ റിസർവായ നുജുമയിൽ റെസിഡൻഷ്യൽ യൂണിറ്റുകൾ സ്വന്തമാക്കി. മെയിൻ ലാൻഡിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള സ്വകാര്യ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന റെഡ് സീ റെസിഡൻസന്റെ ഭാഗമാണ് ഈ വീടുകൾ. ബോട്ട് അല്ലെങ്കിൽ സീപ്ലെയിൻ വഴി മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാവുകയുളളൂ.

Also Read: ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ അടുത്ത ചിത്രത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും? സൂചന നൽകി വിൻ ഡീസൽ

സ്വകാര്യത, പ്രകൃതിയുമായുള്ള അടുത്ത ബന്ധം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രൂപകൽപ്പന ചെയ്ത, പൂർണ്ണമായും സ്വതന്ത്രമായ 19 ആഡംബര വില്ലകളാണ് നുജുമയിലുള്ളത്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനുള്ള ഒരു സ്വകാര്യ വിശ്രമ കേന്ദ്രമാണ് ഇവിടെയുള്ളത്. 

കുടുംബത്തിന് സ്ഥലം ഏറെ ഇഷ്ടപ്പെട്ടതായി റൊണാൾഡോ പറഞ്ഞു. എല്ലാ അർഥത്തിലും ചെങ്കടൽ ലക്ഷ്യസ്ഥാനം ശരിക്കും അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ ആദ്യ സന്ദർശനം മുതൽ, ജോർജിനയ്ക്കും എനിക്കും ഈ ദ്വീപുമായും അതിന്റെ അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യവുമായും ആഴത്തിലുള്ള ബന്ധം അനുഭവപ്പെട്ടു. സമാധാനവും ശാന്തതയും കണ്ടെത്തുന്ന ഒരു സ്ഥലമാണിത്.' എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്. നുജുമയിൽ ഒരു വീട് സ്വന്തമാക്കുന്നതിലൂടെ, കുടുംബത്തിന് എപ്പോൾ വേണമെങ്കിലും സന്ദർശിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബത്തിന്റെ ഉപയോഗത്തിനായി മൂന്ന് കിടപ്പുമുറികളുള്ള വീടും രണ്ട് കിടപ്പുമുറികളുള്ള വില്ലയും ഉൾപ്പെടെ രണ്ട് വില്ലകൾ റൊണാൾഡോയും റോഡ്രിഗസും സ്വന്തമാക്കി. 2023-ൽ ആദ്യത്തെ റിസോർട്ടുകൾ തുറന്നതുമുതൽ ദമ്പതികൾ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. കൂടാതെ പദ്ധതിക്കുള്ളിൽ കൂടുതൽ നിക്ഷേപ അവസരങ്ങൾ തേടുകയും ചെയ്തിരുന്നു.

Content Highlights: Cristiano Ronaldo buys luxury home at Saudi Red Sea resort