സർക്കാരുകൾ പ്രവർത്തിക്കാൻ പ്രതിഷേധങ്ങൾ അനിവാര്യമെന്ന് വാങ്ചുക്ക്

മുംബൈ : സർക്കാരുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പ്രതിഷേധങ്ങൾ അനിവാര്യമാണെന്ന് കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക് പറഞ്ഞു. ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും അശാന്തി എടുത്തുകാട്ടുന്നത് പ്രതിഷേധങ്ങൾക്ക് അനുവാദം നൽകിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പാർലമെന്റിന് മുന്നിൽ പ്രതിഷേധങ്ങൾ സന്തോഷത്തോടെ അനുവദിക്കുന്നുവെന്ന് ഐ.പി.എഫ്. ഫെസ്റ്റിവലിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലും പാർലമെന്റിന്റെ മുൻവശത്താണ് പ്രതിഷേധം. യു.കെ, നോർവേ, സ്വീഡൻ എന്നിവടങ്ങളിൽ അത് ദൃശ്യമാണ്. ഇന്ത്യയിൽ അത് പാർലമെന്റിൽനിന്ന് വളരെ അകലെയാണ്. ജന്തർമന്തറിലായിരുന്നപ്പോൾ പോലും അത് വളരെ അകലെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങൾ ഒരു മികച്ച സംവിധാനമാണ്, ഒരു ഫീഡ്ബാക്കാണ്, ഗവൺമെന്റുകൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അത് അനിവാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിക്കാൻ കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്തതിനെത്തുടർന്ന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. പ്രതിഷേധങ്ങൾ അനുവദിക്കാത്തപ്പോൾ എന്ത് സംഭവിക്കുമെന്ന് നോക്കൂ. ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും ഉദാഹരണമാണത്- വാങ്ചുക്ക് പറഞ്ഞു.