യു.എസിലെ ഡാലസിൽ ശാഖ തുറന്ന് എസ്.ബി.ഐ.

മുംബൈ : യു.എസിലെ ഡാലസിൽ പുതിയ ശാഖ തുറന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്.ബി.ഐ.യുടെ യു.എസ്. ഉപവിഭാഗമായ എസ്.ബി.ഐ. കാലിഫോർണിയയുടെ അമേരിക്കയിലെ എട്ടാമത്തെ ശാഖയാണിത്. ടെക്സസിലെ നോർത്ത് ഡാലസിൽ എസ്.ബി.ഐ. ചെയർമാൻ സി.എസ്. സെട്ടി ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ എസ്.ബി.ഐ. നേരിട്ടു നടത്തുന്ന ന്യൂയോർക്ക്, ഷിക്കാഗോ, ലോസ് ആഞ്ജലിസ് എന്നീ മൂന്നു ശാഖകളുൾപ്പെടെ അമേരിക്കയിൽ ബാങ്കിന് 11 ശാഖകളായി. വ്യക്തിഗത -ബിസിനസ് ബാങ്കിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ശാഖ പ്രവാസി ഇന്ത്യക്കാർക്ക് പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ സി.എസ്. സെട്ടി പറഞ്ഞു. 29 രാജ്യങ്ങളിലായി വിദേശത്ത് ബാങ്കിന് 245 സേവന കേന്ദ്രങ്ങളാണുള്ളത്. ശാഖകൾ, ഉപ ഓഫീസുകൾ, പ്രതിനിധി ഓഫീസുകൾ, വിദേശ സബ്സിഡറികൾ, സംയുക്ത സംരംഭങ്ങൾ എന്നിങ്ങനെയാണ് സേവനകേന്ദ്രങ്ങൾ. കൂടാതെ 56 രാജ്യങ്ങളിൽ 222 വിദേശ ബാങ്കുകളുമായി സഹകരിച്ച് സേവനങ്ങൾ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.