മുംബൈ ഭീകരാക്രമണം നടന്നിട്ട് 18 വർഷം; നടുക്കം മാറാതെ രാജ്യം

മുംബൈ : മുംബൈ ഭീകരാക്രമണം നടന്നിട്ട് 18 വർഷം. 2008 നവംബർ 26 ഇന്നും നഗരത്തിന് നടുക്കുന്ന ഓർമ്മയുടെ ദിനമാണ്.

രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈയിൽ നടന്നത്. ലഷ്‌കറെ െതായ്ബയുടെ പരിശീലനത്തിൽ അജ്മൽ കസബിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ഭീകരർ മൂന്നുദിവസത്തോളമാണ് മുംബൈയെ മുൾമുനയിൽ നിർത്തിയത്. മുംബൈയിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ 12 സ്ഥലങ്ങളെ ഏകോപിപ്പിച്ചായിരുന്നു ഭീകരാക്രമണം. 166 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മുന്നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഛത്രപതി ശിവജി ടെർമിനസ്, താജ്മഹൽ ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ്, കാമ ഹോസ്പിറ്റൽ, മെട്രോ സിനിമാ ഹാൾ തുടങ്ങിയയിടങ്ങളിൽ ഭീകരാക്രമണം നടന്നു. കടൽ മാർഗമാണ് ഭീകരർ മുംബൈയിലെത്തിയത്. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരിക്കേറിയ ഇടങ്ങളിൽ എ.കെ-47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് കൂട്ട വെടിവെപ്പും സ്ഫോടനങ്ങളും നടത്തുകയായിരുന്നു.

താജ് ഹോട്ടലിലും ഒബ്റോയ് ഹോട്ടലിലും നരിമാൻ ഹൗസിലും ഭീകരർ ആളുകളെ ബന്ദികളാക്കി. എൻ.എസ്.ജി. കമാൻഡോകളും മുംബൈ പോലീസും മറൈൻ കമാൻഡോകളും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്.

10 ഭീകരരിൽ മുഹമ്മദ് അജ്മൽ അമീർ കസബ് എന്ന ഒരാളെമാത്രമാണ് ജീവനോടെ പിടികൂടാനായത്. കോടതി നടപടികൾക്കുശേഷം 2012-ൽ കസബിനെ തൂക്കിലേറ്റി. ഇന്ത്യൻ സുരക്ഷാസംവിധാനത്തിൽ, പ്രത്യേകിച്ച് തീരദേശ സുരക്ഷയിലും ഭീകരവിരുദ്ധ സേനയുടെ വിന്യാസത്തിലും സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിന് മുംബൈ ഭീകരാക്രമണം നിമിത്തമായി. ആക്രമണത്തിന്റെ ആസൂത്രണം പാകിസ്താനിൽനിന്നായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചത് ഇന്ത്യ-പാക് ബന്ധത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി നഗരത്തിൽ പലയിടത്തും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.

കസബിന്റെ അഭിഭാഷകർ ഇപ്പോഴും ഫീസിന് കാത്തിരിക്കുന്നു

മുംബൈ : ഭീകരാക്രമണത്തിന്റെ പതിനെട്ട് വർഷങ്ങൾക്കുശേഷവും പിടിയിലായ പാകിസ്താൻ ഭീകരൻ അജ്മൽ കസബിനായി വാദിക്കാൻ മറ്റ് കേസുകൾ മാറ്റിവെച്ച രണ്ട് അഭിഭാഷകർ ഇപ്പോഴും പ്രതിഫലത്തിനായി കാത്തിരിക്കുന്നു. 2010-ലാണ് മഹാരാഷ്ട്ര സർക്കാർ കസബിനുവേണ്ടി ഹാജരാകാൻ അമിൻ സോൾക്കറേയും ഫർഹാന ഷായേയും നിയോഗിച്ചത്.

ബോംബെ ഹൈക്കോടതിയിൽ അവർ കസബിനു വേണ്ടി ഒൻപതു മാസം വാദിച്ചു. അന്നത്തെ നിയമസഭാ സെക്രട്ടറി എ.കെ. സോനാവാനെ ഒപ്പിട്ട വിജ്ഞാപനമനുസരിച്ച്, സോൾക്കറിന് ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ശമ്പളത്തിന് തുല്യമായ ശമ്പളവും ഫർഹാനഷായ്ക്ക് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ശമ്പളത്തിന് തുല്യമായ ശമ്പളവും ലഭിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇത് ഒരു ദിവസത്തേക്ക് 1,500 മുതൽ 2,000 രൂപ വരെയായിരുന്നു. ഹൈക്കോടതി നടപടികൾ അവസാനിച്ച് 15 വർഷത്തിലേറെയായിട്ടും രണ്ട് അഭിഭാഷകരും പറയുന്നത് തങ്ങളുടെ കുടിശ്ശിക ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്. കസബിനായി വാദിച്ചതിനുള്ള ഫീസ് ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുമായി പലതവണ കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. പക്ഷേ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് സോൾക്കർ പറഞ്ഞു.

കേസ് വാദിക്കാൻ ഞങ്ങൾ ഒമ്പത് മാസത്തെ മുഴുവൻ സമയവും നൽകി. നടപടിക്രമങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാകാതിരിക്കാൻ ഞങ്ങളുടെ മറ്റെല്ലാ കേസുകളും മാറ്റിവെക്കേണ്ടിവന്നുവെന്നും ഇരുവരും പറയുന്നു.

അതേ സമയം പ്രത്യേക ജഡ്ജി എം.എൽ. തഹലിയാനിയുടെ മുമ്പാകെ വിചാരണ വേളയിൽ കസബിനുവേണ്ടി വാദിച്ച അഭിഭാഷകൻ അബ്ബാസ് കസ്മി, വിചാരണപൂർത്തിയായ ഉടൻതന്നെ സർക്കാർ തന്റെ പ്രതിഫലം അനുവദിച്ചതായി പറഞ്ഞു.