വ്യാജമരുന്ന് നിർമിച്ചെന്ന് ആരോപണം; പുണെയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

മുംബൈ : നിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകൾ നിർമിച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് പുണെ ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ.) റദ്ദാക്കി. ഇൻഡുകെയർ ഫാർമസ്യൂട്ടിക്കൽ ആൻഡ് റിസർച്ച് ഫൗണ്ടേഷനാണ് നടപടി നേരിട്ടത്. നിർമാണം, പാക്കിങ്, പരിശോധന, വിതരണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടതായി എഫ്.ഡി.എ. അറിയിച്ചു.

ഒക്ടോബറിൽ കമ്പനിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നവംബർ മൂന്നിന് കമ്പനി രേഖാമൂലം മറുപടി സമർപ്പിച്ചു. 23-ന് നേരിട്ട് ഹിയറിങ് നടത്തി. രോഗികളിൽനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന കമ്പനിയുടെ വാദം ലൈസൻസിങ് അതോറിറ്റി അംഗീകരിച്ചില്ല. പരാതികളില്ലെങ്കിലും വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ ചികിത്സ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എഫ്.ഡി.എ. വ്യക്തമാക്കി. എല്ലാ വശങ്ങളും പരിശോധിച്ചശേഷം പുണെ ഡിവിഷൻ ജോയിന്റ് കമ്മിഷണർ (ഡ്രഗ്‌സ്) കൂടിയായ ലൈസൻസിങ് അതോറിറ്റിയാണ്, 2024 ഫെബ്രുവരിയിൽ അനുവദിച്ച നിർമാണലൈസൻസുകൾ റദ്ദാക്കിയത്.

പുരന്ദറിലുള്ള കമ്പനിയുടെ നിർമാണശാലയിൽ ഉത്പാദിപ്പിച്ച വിവിധ മരുന്നുകളുടെ സാംപിളുകളിൽ 25 ഗുരുതര വീഴ്ചകൾ കണ്ടെത്തി. ശേഖരിച്ച സാംപിളുകളിൽ ചിലത് നിലവാരമില്ലാത്തതാണെന്നും വ്യക്തമായി. ഇത്തരം മരുന്നുകളുടെ സ്റ്റോക്ക് നവംബർ നാലിന് പിടിച്ചെടുത്തു. വിതരണക്കാർക്ക് നൽകിയ മരുന്നുകളുടെ ബാച്ച് രേഖകൾ കമ്പനിയുടെ പക്കൽ ഉണ്ടായിരുന്നില്ല. പരിശോധനയ്ക്കായി സൂക്ഷിച്ച സാംപിളുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തി.

മരുന്നുകളുടെ പേരും ബാച്ച് നമ്പറും കാലാവധി തീരുന്ന തീയതിയും കാർട്ടണുകളിലും സ്ട്രിപ്പുകളിലും വ്യത്യസ്തമായിരുന്നു. മരുന്നുകളുടെ ഗുണനിലവാരവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പരിശോധനാരേഖകളും ലഭ്യമല്ലായിരുന്നു. ഏകദേശം 1.72 കോടി രൂപയുടെ മരുന്നുകളാണ് പിടിച്ചെടുത്തത്. 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കമ്പനിക്കെതിരേ നിയമനടപടികളും എഫ്.ഡി.എ. നിർദേശിച്ചിട്ടുണ്ട്.