വായു മലീനികരണം ഉയരുന്നു; നഗരത്തിൽ പച്ചപ്പ് മായുന്നു

അഞ്ചു മാസത്തിനുള്ളിൽ 7,633 മരങ്ങൾ മുറിച്ചുമാറ്റി
മുംബൈ : കൊടുംചൂടും വായുമലീനികരണവും നഗരത്തെ ശ്വാസം മുട്ടിക്കുമ്പോഴും മരങ്ങൾ തുടർച്ചയായി വെട്ടിമാറ്റിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ 7,633 മരങ്ങൾ മുറിച്ചുമാറ്റി. നഗരത്തിലെ വായു ഗുണനിലവാര സൂചിക മോശമാകുന്നതും ഉഷ്ണതരംഗം നീണ്ടുനിൽക്കുന്നതും പച്ചപ്പുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധരും പഠനങ്ങളും തെളിയിക്കുന്ന സമയത്താണ് മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതികൾ ലഭിക്കുന്നത്.
2011-ന് ശേഷം മുംബൈയിൽ വൃക്ഷങ്ങളുടെ കണക്കെടുപ്പ് നടന്നിട്ടില്ലെന്നുള്ള വിവരവും പുറത്തുവന്നു. വിവരവാകശം പ്രകാരമുള്ള നഗരസഭയുടെ മറുപടിയിലാണ് മരങ്ങൾ വെട്ടിമാറ്റിയത് സംബന്ധിച്ച് വിവരങ്ങളുള്ളത്.
2011-ലെ ട്രീ സെൻസസ് പ്രകാരം മുംബൈയിൽ 29.75 ലക്ഷം മരങ്ങളുണ്ടായിരുന്നു. പിന്നീട് കണക്കെടുപ്പ് നടന്നില്ല.
നാല് വർഷത്തെ ഇടവേളയ്ക്ക്ശേഷം വീണ്ടും അധികാരത്തിൽ വന്ന മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബി.എം.സി.) ട്രീഅതോറിറ്റി അഞ്ച് മാസത്തിനുള്ളിലാണ് 7,633 മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി നൽകിയത്.
മുംബൈ കോസ്റ്റൽ റോഡ്, ധാരാവി പുനർവികസനം, ഓറഞ്ച് ഗേറ്റ് ടണൽ പദ്ധതി, മറ്റ് പുനർവികസന പദ്ധതികൾ എന്നിവയ്ക്ക് വേണ്ടിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
മുംബൈ കോസ്റ്റൽ റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏറ്റവും കൂടുതൽ മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ട്രീ അതോറിറ്റിയിൽ 13 തിരഞ്ഞെടുക്കപ്പെട്ട നഗരസഭാംഗങ്ങളും നാമനിർദേശം ചെയ്യപ്പെട്ട 10 അംഗങ്ങളും ഉൾപ്പെടുന്നു.