മേയറുടെ ഓഫീസിനും ബച്ചന്റെ വസതിക്കും ബോംബ് ഭീഷണി

മുംബൈയിൽ അതിജാഗ്രത
മുംബൈ : മുംബൈ മേയറുടെ ഓഫീസിനും നടൻ അമിതാഭ് ബച്ചന്റെ വസതിക്കും ബോംബ് ഭീഷണി. മേയർ ഋതു തവ്ഡെയ്ക്ക് വെള്ളിയാഴ്ച ലഭിച്ച ഇ-മെയിലിലാണ് ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്ന് പറയുന്നത്. ഗായകൻ ദിൽജിത് ദൊസാഞ്ജിന്റെ സംഗീതപരിപാടി നടക്കുന്ന വേദിക്കും ഭീഷണിയുണ്ട്. ഇതേത്തുടർന്ന് സുരക്ഷാ ഏജൻസികളും മുംബൈ പോലീസും അതിജാഗ്രതയിലാണ്.
മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തെ മേയറുടെ ഓഫീസിൽ വെള്ളിയാഴ്ച വൈകീട്ട് 3.11-ന് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഇ-മെയിലിലെ ഭീഷണി. പരിസരം പോലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡിക്ക് വന്ന മെയിലിൽ 31-ന് ഒരു സ്കൂളിനുനേരേ ഗ്രനേഡ് ആക്രമണം നടത്തുമെന്നും 31-നും നവംബർ 27-നും ഇടയിൽ ബച്ചന്റെ ജുഹുവിലെ വസതിയായ ‘ജൽസ’യെ ലക്ഷ്യമിടുമെന്നും മുന്നറിയിപ്പുണ്ടെന്ന് പോലീസ് പറഞ്ഞു.
ഖലിസ്താൻ പരാമർശമുള്ള ഇ-മെയിലിൽ നവംബർ 27-ന് മഹാലക്ഷ്മി റേസ്കോഴ്സ് മേഖലയിൽ നടക്കുന്ന ദിൽജിത് ദൊസാഞ്ജിന്റെ സംഗീതപരിപാടിക്കിടെ ആക്രമണം ഉണ്ടാകുമെന്നാണ് ഭീഷണി. സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാനും ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും പോലീസ് അന്വേഷണം ആരംഭിച്ചു.
മുൻകരുതലായി മേയറുടെ ഓഫീസ്, മഹാലക്ഷ്മി റേസ്കോഴ്സ്, നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇ-മെയിലിൽ പരാമർശിച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷയും നിരീക്ഷണവും വർധിപ്പിക്കാൻ അധികൃതർ നിർദേശം നൽകി.